kozhikode local

യുവതിയെ ശല്യം ചെയ്തുl; ചോദ്യംചെയ്ത ഭര്‍ത്താവിനും സഹോദരന്‍മാര്‍ക്കും കുത്തേറ്റു

വടകര: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനും യുവതിയുടെ രണ്ടു സഹോദരന്മാര്‍ക്കും കുത്തേറ്റു. ഭര്‍ത്താവിന്റെ നില ഗുരുതരമാണ്. ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ മീത്തലങ്ങാടി ബീച്ചില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. യുവതിയുടെ ഭര്‍ത്താവ് ചേരന്റവിട സാജിദ് (30), ഭാര്യാ സഹോദരന്മാരായ തരക്കാരത്തീന്റവിട മഷ്ഹൂദ് (30), സിദ്ദീഖ് (26) എന്നിവര്‍ക്കാണ് കുത്തേറ്റത്.
മൂന്നു പേരേയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനു കുത്തേറ്റു ഗുരുതരാവസ്ഥയിലായ സാജിദ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ചു പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. ഇവരില്‍ ഒരാളും സമീപവാസിയുമായ വരക്കുതാഴ റയീസാണ് (30) കസ്റ്റഡിയിലുള്ളത്.
യുവതിയെ ശല്യം ചെയ്തതിനെ ചൊല്ലി നാട്ടില്‍ വാക്കേറ്റം നടന്നിരുന്നു. ഇൗ സംഭവം പറഞ്ഞ് തീര്‍ക്കാമെന്ന് ആവശ്യപ്പെട്ട് റയീസും കൂട്ടരും രാത്രി സാജിദിന്റെ വീട്ടിലെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീടി നു മുന്നിലാണ് അക്രമം നടന്നത്. ആയുധവുമായെത്തിയവര്‍ സാജിദനെ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിക്കുമ്പോഴാണ് മഷ്ഹൂദിനും സിദ്ദീഖിനും കുത്തേല്‍ക്കുന്നത്. ബഹളത്തിനിടയില്‍ അക്രമി സംഘത്തിലെ മറ്റുള്ളവര്‍ കാറില്‍ കയറി സ്ഥലംവിട്ടു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരനായ റയീസിനെ വടകര എസ് ഐ പി എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്വട്ടേഷന്‍ സംഘമാണ് അക്രമി സംഘത്തിലെന്ന് സംശയിക്കുന്നു. കൈനാട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, ചെറു ക്വട്ടേഷനുകള്‍ തുടങ്ങിയവ നടത്തുന്നുണ്ടെന്നും ഇതേ ബില്‍ഡിങ്ങില്‍ രാത്രി സമയങ്ങളില്‍ അപരിചിതരായ പലരും വന്നു പോകാറുണ്ടെന്നും പ്രദേശ വാസികള്‍ പറയുന്നു. പോലിസിന് ഇതിനു മുമ്പ് പരാതി നല്‍കിയിട്ടും കാര്യമായ നടപടിയെടുക്കാത്തതാണ് ഇത്തരത്തിലുള്ള ഗുണ്ടാ സംഘങ്ങള്‍ വളര്‍ന്നു വരുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്.
നിരവധി വിദ്യാര്‍ഥികളും ഇത്തരത്തിലുള്ള സംഘത്തിന്റെ സഹായത്തോടെ കഞ്ചാവ് വില്‍പനയും ഉപയോഗവും നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it