Idukki local

യുവതിയെ വലിച്ചിഴയ്ക്കുന്ന രംഗം പകര്‍ത്തിയ ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ പോലിസ് അതിക്രമം

തൊടുപുഴ: ബലംപ്രയോഗിച്ച് യുവതിയെ പോലിസ് ജീപ്പിലേക്ക് വലിച്ചു കയറ്റുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ന്യൂസ് ഫോട്ടോഗ്രാഫറെ അഡീഷനല്‍ എസ്‌ഐ കൈയേറ്റം ചെയ്ത ശേഷം കാമറ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു. തൊടുപുഴയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.എസ് ജിത്താണ് പോലിസ് അതിക്രമത്തിനിരയായത്.
ഇന്നലെ ഉച്ചക്ക് 12ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നിലാണ് സംഭവം. പത്രപ്രവര്‍ത്തക യൂനിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു മണിക്കൂറിന് ശേഷം സ്‌റ്റേഷനില്‍ നിന്നു പോലിസ് കാമറ തിരിച്ചു നല്‍കിയത്. കാമറക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ടാണ് യുവതിയെ പോലിസ് അതിക്രമത്തിലൂടെ കസ്റ്റഡിയിലെടുത്തത്. സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് അനേകം പേര്‍ നോക്കി നില്‍ക്കെ വാവിട്ടു കരഞ്ഞ യുവതിയെ അഡീഷനല്‍ എസ്‌ഐഎം ജെ മാത്യുവും സംഘവും ബലം പ്രയോഗിച്ച് ജീപ്പിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
പിന്‍സിറ്റിന് വനിതാ പോലിസുകാര്‍ ഇരിക്കുന്നതിന് താഴെയുളള പ്ലാറ്റ്‌ഫോമിലേക്ക് യുവതിയെ വലിച്ചിഴച്ചു കയറ്റുകയായിരുന്നുവെന്ന് കാഴ്ചക്കാര്‍ പറയുന്നു.പോലിസ് അതിക്രമം നടക്കുന്ന വിവരമറിഞ്ഞ് എത്തിയ ജിത്ത് ഈ ദൃശ്യം കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതു കണ്ട അഡീഷനല്‍ എസ്.ഐ എം ജെ മാത്യു അസഭ്യം പറഞ്ഞുകൊണ്ട് ജീപ്പില്‍ നിന്നും ചാടിയറങ്ങി ജിത്തിനെ കുത്തിപ്പിടിച്ച ശേഷം കാമറ ബലമായി പിടിച്ചുപറിച്ചു നിലത്തെറിഞ്ഞു. ഫോട്ടോ എടുക്കുമല്ലേടാ എന്നു ചോദിച്ച് അസഭ്യം പറഞ്ഞ ശേഷം സ്റ്റേഷനില്‍ വന്ന് കാമറ വാങ്ങിക്കൊളളാന്‍ ആക്രോശിച്ച് എസ്‌ഐയും സംഘവും സ്ഥലം വിട്ടു.
വിവരമറിഞ്ഞ് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ ജില്ലാ പോലിസ് മേധാവി കെ വി ജോസഫുമായും ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫുമായും ബന്ധപ്പെട്ടു. പിന്നീട് ജിത്തിനേയും കൂട്ടി സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി കാമറ കൈമാറി. അഡീഷനല്‍ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.സംഭവത്തെക്കുറിച്ച് യൂനിയന്‍ ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കി. ഫോട്ടോഗ്രാഫറെ പരസ്യമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്ത് തൊഴില്‍ തടസപ്പെടുത്തുകയും ചെയ്തതില്‍ ഇടുക്കി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. അഡീഷനല്‍ എസ്‌ഐക്കെതിരേ നടപടി സ്വീകരിക്കണമെന്നും കാമറ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it