Flash News

യുവതിയെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസ്: മുഹമ്മദ് റിയാസിന് ജാമ്യം

യുവതിയെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസ്: മുഹമ്മദ് റിയാസിന് ജാമ്യം
X
കൊച്ചി: വീഡിയോകളും പ്രസംഗങ്ങളും കണ്ടു എന്നതുകൊണ്ടു മാത്രം ഒരാള്‍ തീവ്രവാദിയാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാ ന്‍ ശ്രമിച്ചെന്ന കേസിലെ ഒന്നാം പ്രതി ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസിനെ 70 ദിവസം കസ്റ്റഡിയില്‍ വച്ച് അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കിയ വിധിയിലാണ് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോഴെല്ലാം ഹാജരാവണം, ഒരു മാസക്കാലം കേരളം വിട്ടു പോകരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, യുവതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്നീ നിബന്ധനകളോടെയാണ് ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.



വീഡിയോകളും പ്രസംഗങ്ങളും കണ്ടതുകൊണ്ടു മാത്രം ഒരാള്‍ തീവ്രവാദിയാണെന്നു പറയുന്നത് ന്യായവും യുക്തിസഹവുമല്ലെന്ന് കോടതി പറഞ്ഞു. ഇത്തരം വീഡിയോകളും പ്രസംഗങ്ങളും പൊതുസ്ഥലങ്ങളില്‍ ലഭ്യമാണ്. ലാപ്‌ടോപുകളില്‍ സാക്കിര്‍ നായികിന്റെയും ജിഹാദിന്റെയും സിറിയന്‍ യുദ്ധത്തിന്റെയും വീഡിയോ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. ഇതൊന്നുമല്ലാതെ തീവ്രവാദബന്ധം സ്ഥാപിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും അവരുടെ ലാപ്‌ടോപിലാണ് ഉള്ളതെന്നാണ് ഹരജിക്കാരന്‍ വാദിക്കുന്നതെന്നും കോടതി പറഞ്ഞു. ജാമ്യം തള്ളിയ മാര്‍ച്ച് 13ലെ എന്‍ഐഎ കോടതിവിധിക്കെതിരേയാണ് റിയാസ് ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയും റിയാസും 2006ല്‍ വിവാഹം കഴിച്ചിരുന്നതായി കോടതിവിധി പറയുന്നു. സൗദിയില്‍ ഇവര്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. പിന്നീട് ബന്ധം തകര്‍ന്നു. ഭാര്യയെ പിതാവ് തടങ്കലില്‍ വച്ചെന്നു പറഞ്ഞ് ഒരിക്കല്‍ റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. സ്വന്തം ഇഷ്ടത്തിന് റിയാസിനെ വിവാഹം കഴിച്ചെന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചത്. പിന്നീടാണ് പെണ്‍കുട്ടി റിയാസിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും സിറിയയിലേക്ക് കൊണ്ടുപോകാ  ന്‍ ശ്രമിച്ചെന്നും ഹരജിയില്‍ ആരോപിച്ചു. നഗ്നചിത്രം കാണിച്ചു ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. ഇതിനു ശേഷമാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. റിയാസിനെ വിവാഹം കഴിച്ച, നിലവില്‍ ഗുജറാത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് 2017 ഡിസംബര്‍ 13ന് നോര്‍ത്ത് പറവൂര്‍ പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തത്. ഈ കേസ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2018 ജനുവരി 24ന് എന്‍ഐഎ ഏറ്റെടുത്തു. തുടര്‍ന്ന് സൗദിയില്‍ നിന്ന് വരുന്ന വഴി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഫെബ്രുവരി 3ന് റിയാസിനെ അറസ്റ്റ് ചെയ്തു. 4ന് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. അഭിഭാഷകരായ സുനില്‍ നായര്‍ പാലക്കാട്ട്, എം എ അഹ്മദ് സഹീര്‍ എന്നിവര്‍ പ്രതിഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it