യുവതിയെ ഭീഷണിപ്പെടുത്തി പീഡനം: മൂന്നുപേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: ഭര്‍തൃമതിയായ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ സഹപാഠികളായ മൂന്നുപേര്‍ അറസ്റ്റില്‍. പയ്യാവൂര്‍ മാവുംതോട് സ്വദേശി വിജില്‍കുമാര്‍ (27), ചന്ദനക്കാപ്പാറ സ്വദേശി ശരത് ശിവദാസ് (23), ആടാംപാറ സ്വദേശി രാജീവ് എബ്രഹാം (27) എന്നിവരെയാണു പയ്യാവൂര്‍ പോലിസ് കഴിഞ്ഞദിവസം പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിന് വാട്‌സ്ആപ്പ് വഴി യുവതി തന്റെ ഫോട്ടോ അയക്കുന്നതിനിടെ സഹപാഠികൂടിയായ വിജിലിന്റെ അക്കൗണ്ടിലേക്ക് ഫോട്ടോ ഷെയറായി. അബദ്ധം മനസ്സിലായ യുവതി വിജിലിനെ വിളിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടു. ഇതിനായി പണമാവശ്യപ്പെട്ട സഹപാഠി യുവതിയെ ഭീഷണിപ്പെടുത്തി. പണം നല്‍കാമെന്നു സമ്മതിച്ച പ്രകാരം യുവതിയുടെ വീട്ടിലെത്തിയ വിജില്‍ കിടപ്പുമുറിയില്‍വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. '
വിജിലുമായി നടന്ന സംഭവങ്ങള്‍ അറിയാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റൊരു സഹപാഠിയായ ശരത് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും പീഡിപ്പിച്ച കഥ ഭര്‍ത്താവിനെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് മൂന്നാമത്തെ സുഹൃത്തായ രാജീവ് തന്നെ പീഡിപ്പിച്ചതെന്ന് 27കാരി പോലിസിന് മൊഴിനല്‍കി.
ഇതിനിടെ, വിജില്‍കുമാര്‍ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തിയിരുന്നു. മൂവരും ചേര്‍ന്ന് പണമാവശ്യപ്പെടുന്നത് തുടര്‍ന്ന സാഹചര്യത്തില്‍ ജീവിതം തകരുമെന്ന് മനസ്സിലാക്കിയാണ് യുവതി പയ്യാവൂര്‍ പോലിസില്‍ പരാതിനല്‍കിയത്. ശ്രീകണ്ഠപുരം സിഐ കെ എ ലത്തീഫ്, പയ്യാവൂര്‍ എസ്‌ഐ എം ഇ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it