Kottayam Local

യുവതിയെ പോലിസുകാരന്‍ അപമാനിച്ചെന്ന് ആക്ഷേപം ്‌

കോട്ടയം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പോലിസുകാരന്‍ അപമാനിച്ചതായി ആക്ഷേപം. കുറ്റക്കാരിയല്ലെന്നു കണ്ടയുടനെ യുവതിയോട് മാപ്പുപറഞ്ഞ് തലയൂരാനും പോലിസുകാരന്റെ ശ്രമം. കുമാരനല്ലൂര്‍ സ്വദേശിയായ യുവതിയെയാണ് അപമാനിച്ചത്.
ഇവര്‍ മുമ്പ് ജോലി ചെയ്ത സ്ഥാപനം നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഡിവൈഎസ്പി ഓഫിസിലെ പോലിസ് ഓഫിസര്‍ അപമാനിച്ചെന്നാണു പരാതി. കളത്തില്‍പ്പടിയിലെ നഴ്‌സിങ് പരിശീലന കേന്ദ്രത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാരിയാണു യുവതി. ഇവര്‍ മൂന്നു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. അതിനു മുമ്പ് ഏഴു വര്‍ഷത്തോളം ശാസ്ത്രി റോഡിലെ പമ്പ്‌സെറ്റ് കടയിലായിരുന്നു ജോലി. ഈ സ്ഥാപനത്തിന്റെ പരാതിയിന്മേല്‍ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടാണ് മഫ്തിയില്‍ പോലിസ് ഓഫിസര്‍ കളത്തില്‍പ്പടിയിലെ നഴ്‌സിങ് പരിശീലന കേന്ദ്രത്തില്‍ എത്തുന്നത്.
അതിനുമുമ്പ് പോലിസുകാരന്‍ യുവതിയെ ഫോണില്‍ വിളിച്ച് ജോലി സ്ഥലം മനസ്സിലാക്കിയിരുന്നു. ഫോണ്‍ വിളിച്ച് 15 മിനിറ്റിനകം പോലിസെത്തി ഇവരെ നിര്‍ബന്ധപൂര്‍വം ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചറിയിക്കണമെന്ന ഇവരുടെ ആവശ്യവും പോലിസ് ചെവിക്കൊണ്ടില്ല. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷമാണത്രേ ഇവരെ ഓഫിസില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്. നേരത്തേ ജോലി ചെയ്ത സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തി, അവിടുത്തെ ഇ മെയില്‍ പാസ്‌വേഡ് മാറ്റി എന്നുമാണ് പോലിസുകാരന്‍ ഇവര്‍ക്കെതിരേ ആരോപിച്ച കുറ്റങ്ങള്‍. ഇക്കാര്യം മുന്‍നിര്‍ത്തി ഇയാള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. എന്നിട്ടും സ്ഥലത്തില്ലാത്ത ഡിവൈഎസ്പി ഉടന്‍ വരുമെന്ന് പറഞ്ഞ് ഇവരെ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു.
17വയസ്സുള്ള മകളെയും അറസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പത്രത്തില്‍ വാര്‍ത്ത നല്‍കാനെന്നു ഭയപ്പെടുത്തി തന്റെ ഫോട്ടോ എടുത്തെന്നും യുവതി പറഞ്ഞു. അതിനിടെ പാസ്‌വേഡ് സ്ഥാപന ഉടമ തന്നെ മാറ്റിയതാണെന്ന് ഐടി വിദഗ്ധര്‍ കണ്ടെത്തി. കൂടാതെ സാമ്പത്തിക തിരിമറി ഉണ്ടെന്നു പരാതിയില്ലെന്നും ഉടമ വ്യക്തമാക്കി.
ഇതോടെ പോലിസുകാരന്‍ മാപ്പ് അപേക്ഷയുമായി എത്തുകയും യുവതിയെ വീട്ടില്‍ പോവാന്‍ അനുവദിക്കുകയും ചെയ്തു. യുവതി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് ഇവര്‍ നിരപരാധി ആണെന്നും അവിടെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും പോലിസുകാരന്‍ പറഞ്ഞെന്നു പറയുന്നു. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍, ഡിജിപി, എസ്പി എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു.
Next Story

RELATED STORIES

Share it