Flash News

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ എട്ടിന്

വിദ്യാനഗര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തിന് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍  ശിക്ഷ വിധിക്കുന്നത്് മറ്റന്നാളേക്ക് മാറ്റി. കുമ്പള, ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്ത് സുഹറ (18) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിക്കുന്നത് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) മാറ്റിവെച്ചത്.
കര്‍ണാടക ബണ്ട്വാള്‍ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാര്‍ ഹൗസിലെ ബി എം ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി (33)യാണ് പ്രതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
സ്ത്രീത്വത്തെ സംരക്ഷിക്കാനാണ് പെണ്‍കുട്ടിക്ക് ജീവന്‍ വെടിയേണ്ടിവന്നതെന്ന് കേസില്‍ ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിം വാദിച്ചു പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം കോടതിയോടഭ്യര്‍ഥിച്ചു. ഭാര്യയും അഞ്ചു വയസുള്ള മകളുമുള്ളതിനാല്‍ പരമാവധി ശിക്ഷ ഒഴിവാക്കണമെന്ന് പ്രതി അപേക്ഷിച്ചു.
2006 ഡിസംബര്‍ 28ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹറയെ പരിചയപ്പെടുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് കേസ്. കുമ്പള പോലിസാണ് കേസ് ചാര്‍ജ് ചെയ്തത്. സംഭവദിവസം രാത്രി ഫാത്തിമത്ത് സുഹ്‌റയുടെ വീട്ടുപരിസരത്തെത്തിയ പ്രതി വീടിനോടു ചേര്‍ന്ന തെങ്ങിലൂടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറുകയും തുടര്‍ന്ന് ഓടിളക്കി ഫാത്തിമത്ത് സുഹ്‌റ കിടന്നുറങ്ങിയിരുന്ന മുറിയിലിറങ്ങി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കുമ്പള സിഐ ആയിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്താണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it