malappuram local

യുവതിയുടെ മരണത്തില്‍ ദുരൂഹതമറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

മഞ്ചേരി: മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി സംസ്‌കരിച്ചു. പുല്ലാര മുതിരിപ്പറമ്പ് പേരപ്പുറത്ത് കിഴക്കുവീട്ടില്‍ ഉസ്മാന്റെ ഭാര്യ പി ആയിശ (38)യുടെ മൃതദേഹമാണ് പുനപ്പരിശോധനയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞമാസം 13ന് രാവിലെ ഭര്‍തൃവീട്ടിലെ മുറിയില്‍ രാവിലെ എട്ടരയോടെയാണ് ആയിശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ മൂന്നരയോടെ മൃതദേഹം ഖബറടക്കി.
മരണത്തില്‍ ദുരൂഹയുണ്ടെന്നു ആരോപിച്ച് ആയിശയുടെ സഹോദരന്‍ പി ഹുസയ്ന്‍ ജില്ലാ പോലിസ് മേധാവി, മഞ്ചേരി എസ്ഐ എന്നിവര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ഏറനാട് തഹസില്‍ദാര്‍ പി സുരേഷ്, മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, മഞ്ചേരി മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ഡോ. സഞ്ജയ്, യുവതിയുടെ ബന്ധുക്കള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം പോലിസ് സര്‍ജന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധര്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
തുടര്‍ന്ന് പുല്ലാര മുതിരിപ്പറമ്പ് ജുമസ്ജിദ് ജുമാഅത്ത് ഖബര്‍സ്ഥാനില്‍തന്നെ ഖബറടക്കി. രാവിലെ വീടിനകത്തു അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട ഭാര്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതായി ഭര്‍ത്താവ് ഉസ്മാന്‍ പറഞ്ഞിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പ് രോഗി മരണപ്പെട്ടാല്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് ചട്ടം.
എന്നാല്‍, ആയിശയുടെ മരണത്തില്‍ ആരും സംശയമുന്നയിക്കാത്തതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഖബറടക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് സംശയങ്ങള്‍ ഉയര്‍ന്നത്. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയില്‍ മരണകാരണം കൂടുതല്‍ വ്യക്തമാവും.

Next Story

RELATED STORIES

Share it