Kottayam Local

യുവതിയുടെ മരണം; അസീസി ആശുപത്രിയിലേക്കുള്ള ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

മുക്കൂട്ടുതറ: മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ ചികില്‍സയിലെ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിയിലേക്ക് ഇന്നലെ നടന്ന ജനകീയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. മുട്ടപ്പള്ളി ചെന്തിട്ടയില്‍ സയോമി(23)യാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നീതി പൂര്‍ണമാവുന്നതുവരെ സമരം തുടരുമെന്ന് മാര്‍ച്ചിനു ശേഷം നടന്ന യോഗത്തില്‍ ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മുട്ടപ്പള്ളി ക്ഷേത്രം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വീട്ടമ്മമാരും വിദ്യാര്‍ഥികളും യുവാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. അസീസി ആശുപത്രി പടിക്കല്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമുണ്ടായിരുന്നു. ഇവിടെ നിന്ന് മാര്‍ച്ച് തിരിഞ്ഞ് മുക്കൂട്ടുതറ ടൗണില്‍ അവസാനിച്ചു. പ്രതിഷേധയോഗം എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പോലിസിന്റെ അന്വേഷണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും ജനങ്ങളുടെ സംശയം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സഹദേവന്‍, പ്രകാശ് പുളിക്കല്‍, കുഞ്ഞമ്മ ടീച്ചര്‍, അനീഷ് വളയില്‍, കെ സി ജോര്‍ജുകുട്ടി, ആര്‍ ധര്‍മകീര്‍ത്തി, എം എം ബാബു, നൗഷാദ് പുതുപ്പറമ്പില്‍,  അഡ്വ. ബിനോയി മങ്കന്താനം, അനില്‍കുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. യുവതി മരിച്ച സംഭവത്തില്‍ ഡോ.യുജിന്‍ ലൂക്കോസ് റിമാന്‍ഡിലാണ്. ചികില്‍സ നടത്താന്‍ ഡോക്ടര്‍ക്ക് അനുമതിയില്ലാതിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നിരുന്നു. യോഗ്യതയില്ലാത്ത ഡോക്ടറെ നിയമിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്നും മറ്റ് ഡോക്ടര്‍മാരുടെ യോഗ്യതകള്‍ അന്വേഷിക്കണമെന്നും മരിച്ച യുവതിയുടെ കുടുംബത്തിനു നഷ്ടപരിഹാരവും സംരക്ഷണവും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
Next Story

RELATED STORIES

Share it