Flash News

യുവതിയുടെ ബാധ ഒഴിപ്പിക്കാന്‍ ചൂരല്‍പ്രയോഗം: പാസ്റ്റര്‍ പിടിയില്‍

യുവതിയുടെ ബാധ ഒഴിപ്പിക്കാന്‍ ചൂരല്‍പ്രയോഗം: പാസ്റ്റര്‍ പിടിയില്‍
X


കോട്ടയം: മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ ബാധ ഒഴിപ്പിക്കാന്‍ ചൂരല്‍പ്രയോഗം നടത്തിയ പാസ്റ്ററെ പോലിസ് പിടികൂടി. യുവതിയില്‍ ബാധ പ്രവേശിച്ചിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാന്‍ ചൂരല്‍പ്രയോഗം നടത്തണമെന്നും  വീട്ടുകാരെ ധരിപ്പിച്ചായിരുന്നു പാസ്റ്ററുടെ മര്‍ദനം. ദേഹമാസകലം അടിയേറ്റ തിരുവഞ്ചൂര്‍ സ്വദേശിനിയായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കോട്ടയം കേന്ദ്രീകരിച്ച് സ്വന്തം പ്രാര്‍ഥനാലയം നടത്തുന്ന കൊല്ലം കുണ്ടറ സ്വദേശി പാസ്റ്റര്‍ അനില്‍കുമാറിനെയാണ് (56) മണര്‍കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പാസ്റ്ററുടെ ചൂരല്‍പ്രയോഗം സഹിക്കാനാവാതെ അര്‍ധരാത്രി നിലവിളിച്ചുകൊണ്ട് യുവതി വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തായത്. ശബ്ദം കേട്ടുണര്‍ന്ന നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയതോടെ പാസ്റ്റര്‍ ഭാര്യയോടും കുട്ടികളോടുമൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിടികൂടുകയായിരുന്നു. മണര്‍കാട്ടെ പാസ്റ്ററുടെ വീട്ടിലായിരുന്നു സംഭവം.
യുവതിയും അമ്മയും ഒമ്പതുമാസം മുമ്പാണ് പാസ്റ്ററുടെ അടുത്തെത്തിയത്. പകല്‍സമയങ്ങളിലായിരുന്നു ആദ്യം പ്രാര്‍ഥന നടത്തിയിരുന്നത്. രോഗം പൂര്‍ണമായും ഭേദമാവണമെങ്കില്‍ വീട്ടില്‍ താമസിച്ച് ഉപവാസം നടത്തണമെന്ന് പാസ്റ്റര്‍ പറഞ്ഞു. ഇതനുസരിച്ച് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവര്‍ പാസ്റ്ററുടെ വീട്ടിലായിരുന്നു താമസം. പാസ്റ്ററെ കൂടാതെ ഈ വീട്ടില്‍ ഇയാളുടെ ഭാര്യയും കുട്ടികളുമുണ്ട്. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെയും മണര്‍കാട് എസ്‌ഐ അനൂപ് ജോസിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

[related]
Next Story

RELATED STORIES

Share it