യുവജനക്ഷേമ ബോര്‍ഡില്‍ അനധികൃത ഉദ്യോഗക്കയറ്റം

സി എ സജീവന്‍

തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനും സിപിഎം ആഭിമുഖ്യത്തിലുള്ള യൂനിയന്‍ നേതാവിനും അനധികൃത ഉദ്യോഗക്കയറ്റം.
ക്ലാസ് ഫോര്‍ ജീവനക്കാരനെ ഗസറ്റഡ് റാങ്കിലെത്തിക്കാന്‍ പ്യൂണ്‍ ആയിരുന്നയാളെ പ്രോഗ്രാം ഓഫിസറാക്കി നിയമിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുമ്പു ചേര്‍ന്ന ബോര്‍ഡ് യോഗമാണ് നിക്ഷിപ്ത താല്‍പര്യം മുന്‍ നിര്‍ത്തി പ്രമോഷന്‍ നല്‍കിയത്.
കരാര്‍ ജീവനക്കാരനായ മറ്റൊരാള്‍ക്കും സിപിഎം സംഘടനാ നേതാവിനും ഇതോടൊപ്പം നിയമവിരുദ്ധമായി പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്താത്ത തസ്തികകളിലാണ് മൂന്നുപേര്‍ക്കും നിയമനം നല്‍കിയിട്ടുള്ളതെന്ന് ബോര്‍ഡ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. 18 വര്‍ഷമായി പ്യുണ്‍ ജോലി നോക്കുന്നവരെ അവഗണിച്ചാണ് ഭരണ സ്വാധീനമുപയോഗിച്ച് ഇഷ്ടക്കാരെ നിയോഗിച്ചത്.
2011 ജൂലൈയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവനന്തപുരം ജില്ലാ ഓഫിസില്‍ പ്യുണ്‍ നിയമനം നേടിയത്. വിദ്യാഭ്യാസയോഗ്യത പരിഗണിക്കാതെ ഇദ്ദേഹത്തിനു ക്ലാര്‍ക്കായി പ്രമോഷനും നല്‍കി. സര്‍വീസില്‍ കയറി രണ്ടാം മാസം നടത്തിയ ഈ ഇഷ്ടദാനം വിവാദവുമായിരുന്നു. ഒടുവില്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഇയാളെ ഗസറ്റഡ് തസ്തികയില്‍ പ്രോഗ്രാം ഓഫിസറാക്കുകയായിരുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികയാണ് ഇതെന്നു ബോര്‍ഡ് കേന്ദ്രങ്ങള്‍ പറയുന്നു. മറ്റൊരു സിപിഎം യൂനിയന്‍ നേതാവിന് ജൂനിയര്‍ പ്രോഗ്രാം ഓഫിസറായാണ് പ്രൊമോഷന്‍ കൊടുത്തത്. ജൂനിയര്‍ ഐ ടി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്കാണ് പുതിയ നിയമനം. പ്യുണ്‍ ആയി കുറഞ്ഞത് 15 വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്കേ ക്ലാര്‍ക്ക് തസ്തികയില്‍ പ്രമോഷന്‍ നല്‍കാവൂയെന്ന നിയമം നിലനില്‍ക്കുന്ന ബോര്‍ഡിലാണ് യോഗ്യതയില്ലാത്തവര്‍ ഉന്നത തസ്തികയില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
മുമ്പ് യുവജനക്ഷേമ ബോര്‍ഡിലെ അഴിമതിക്കഥകളും അനധികൃത നിയമനവും പുറംലോകമറിഞ്ഞിരുന്നത് സിപിഎം യൂനിയന്റെ ഇടപെടലകളിലൂടെയായിരുന്നു. ഈ യൂനിയനെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അതിന്റെ തലപ്പത്തുള്ളയാള്‍ക്കും ഇല്ലാത്ത തസ്തികയില്‍ പ്രമോഷന്‍ നല്‍കിയത്.
Next Story

RELATED STORIES

Share it