World

യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതായി ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ അലി അക്ബര്‍ സാലിഹ് അറിയിച്ചു. ഇതിനു യുഎന്‍ ആണവ നിരീക്ഷണ സംഘത്തിന്റെ അനുമതി തേടുമെന്ന് ഇറാന്‍ വക്താവ് അറിയിച്ചു.
2015ല്‍ യുഎന്നിന്റെ മേല്‍നോട്ടത്തില്‍ വന്‍ശക്തി രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയിലേക്കു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ അനുമതി തേടുന്ന കത്ത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് സമര്‍പ്പിച്ചതായും ഇറാന്‍ ആണവ ഏജന്‍സി വക്താവ് അറിയിച്ചു.
രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖംനഇ ഇറാന്‍ ആണവ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആണവ കരാറില്‍ നിന്നു യുഎസ് പിന്‍മാറിയാല്‍ ഇറാന്‍ ആണവ പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മിസൈലുകള്‍ വികസിപ്പിക്കുന്നതു തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയാണ്. ഒരു തവണ നമ്മെ ആക്രമിച്ചാല്‍  പതിന്‍മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നു ശത്രുക്കള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആണവ കരാറില്‍ നിന്നു യുഎസ് പിന്‍മാറിയ സാഹചര്യത്തില്‍ തങ്ങള്‍ക്കു വ്യാവസായികാടിസ്ഥാനത്തില്‍ ആണ്വായുധങ്ങള്‍ വികസിപ്പിക്കാമെന്നാണ് ഇറാന്റെ വാദം. 2015ലെ ആണവ കരാര്‍ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it