Flash News

യുപി സര്‍ക്കാര്‍ പരാജയം മറച്ചുവയ്ക്കാന്‍ തന്നെ ബലിയാടാക്കി: ഡോ. കഫീല്‍ ഖാന്‍

ന്യൂഡല്‍ഹി: ജീവവായു കിട്ടാതെ പിഞ്ചുകുട്ടികള്‍ പിടഞ്ഞു മരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിനാണു താന്‍ എട്ടുമാസം ജയിലില്‍ കിടന്നതെന്നു ഡോ. കഫീല്‍ ഖാന്‍. ഭരണകൂടത്തിന്റെ പരാജയം മറച്ചുവയ്ക്കാനാണു താനടക്കമുള്ളവരെ ബലിയാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ പല ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയും സേവനം ചെയ്യുന്നതിനുള്ള ഓഫറുകളും വരുന്നുണ്ട്. എന്നാല്‍  ജന്മനാടു വിട്ട് എങ്ങോട്ടുമില്ലെന്നാണു കഫീല്‍ ഖാന്‍ പറഞ്ഞത്. ഗോരഖ്പൂര്‍ വിട്ട് എങ്ങോട്ടും പോവുന്നില്ല. തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ തന്നെ തിരികെ പ്രവേശിക്കാന്‍ സാധിക്കുമെന്നാണു കരുതുന്നതെന്നും ഡല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ തിരികെ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഗൊരഖ്പൂരില്‍ എല്ലാ സൗകര്യവുമുള്ള ആശുപത്രി സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങള്‍ക്കു സൗജന്യ ചികില്‍സ നല്‍കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് 10ന് ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതോടെ എല്ലാ വഴികളും താന്‍ തേടിയിരുന്നു. എന്നാല്‍ പിറ്റേന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയതോടെയാണു ചിത്രം മാറിയത്. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ മുന്നില്‍വച്ച് കഫീല്‍ഖാന്‍ ആരാണെന്നും താന്‍ ഹീറോ ആവുകയാണെന്നും തന്നെ കാണേണ്ട രീതിയില്‍ കണ്ടോളാമെന്നും മുഖ്യമന്ത്രി പരസ്യമായി ഭീഷണിമുഴക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ പലരില്‍ നിന്നും പാഠങ്ങള്‍ പഠിക്കും. യോഗി ആദിത്യനാഥില്‍ നിന്നു വലിയൊരു പാഠമാണു താന്‍ പഠിച്ചത്. ബിജെപി വക്താ—ക്കാള്‍ താന്‍ കള്ളനാണെന്നും മറ്റും പ്രചരിപ്പിച്ചു. ഒരു ഓക്‌സിജന്‍ സിലിണ്ടറിന് രണ്ടു ലക്ഷം രൂപയാവുമെന്നും 250 സിലിണ്ടര്‍ എത്തിക്കാന്‍ എവിടെ നിന്നു പണം കിട്ടിയെന്നുമായിരുന്നു പ്രചാരണം. 250 രൂപ മാത്രമാണ് ഒരു സിലിണ്ടര്‍ നിറയ്ക്കാനുണ്ടായ ചെലവെന്നും കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it