യുപി സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്‌

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാര്‍ഡ് ബോയ് ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും ജോലി ചെയ്തു. സരായ് ഗോപി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇതുസംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു വിശദീകരണം തേടി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് നല്‍കണമെന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ നാട്ടുകാര്‍ പലപ്പോഴും ആരോഗ്യ കേന്ദ്രത്തില്‍ പോവാറില്ല. ഇവിടെ നിയമിക്കപ്പെട്ട ഡോക്ടര്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് വരുക. ഫാര്‍മസിസ്റ്റ് മിക്ക ദിവസവും എത്താറുമില്ല. ഇവരുടെ അഭാവത്തില്‍ വാര്‍ഡ് ബോയ് രോഗികള്‍ക്ക് ചികില്‍സ നല്‍കി എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭിത്തികള്‍ തകര്‍ന്ന നിലയിലാണ്. ഫാന്‍, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അവിടെയില്ല. ആരോഗ്യ കേന്ദ്രത്തിന്റെ പരിതാപകരമായ അവസ്ഥയും മാധ്യമ റിപോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ആരോപണങ്ങള്‍ സത്യമാണെന്നു തെളിഞ്ഞാല്‍ ഡോക്ടര്‍ക്കും ഫാര്‍മസിസ്റ്റിനുമെതിരേ നടപടിയെടുക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.  അതേസമയം, താന്‍ രോഗികളെ ചികില്‍സിച്ചെന്ന റിപോര്‍ട്ട് വാര്‍ഡ് ബോയ് നിഷേധിച്ചു. വനിതാ ഡോക്ടര്‍ അവധിയായതിനാല്‍ താന്‍ രോഗികള്‍ക്ക് പ്രഥമശുശ്രൂഷ മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it