യുപി: പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ പരാതി

വ്യാപാരി പിന്‍വലിച്ചുലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയലിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച വ്യാപാരി അഭിഷേക് ഗുപ്ത പരാതി പിന്‍വലിച്ചു. പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പോലിസ് കസ്റ്റഡിയിലെടുത്ത അഭിഷേക് ഗുപ്തയെ എട്ടു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്. പോലിസ് വിട്ടയച്ച ഉടനെയാണ് പരാതി പിന്‍വലിക്കുന്നതായി ഇദ്ദേഹം വ്യക്തമാക്കിയത്. മനോനില തകരാറിലായതിനെ തുടര്‍ന്നാണ് താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ ആരോപണം ഉന്നയിച്ചതെന്നു ഗുപ്ത പറയുന്ന വീഡിയോയും സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തുന്നതിനു തൊട്ടുമുന്നെയാണ് പോലിസ് ഗുപ്തയെ കസ്റ്റഡിയിലെടുത്തത്. സര്‍ക്കാരിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമെതിരേ തെറ്റായ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കുന്നതെന്നായിരുന്നു ലഖ്‌നോ സീനിയര്‍ പോലിസ് സൂപ്രണ്ട് ദീപക് കുമാറിന്റെ വിശദീകരണം. ബിജെപി നേതാവ് ഭാരത് ദീക്ഷിതിന്റെ പരാതിയിലാണ് ഗുപ്തയെ കസ്റ്റഡിയിലെടുക്കുന്നതെന്നും പോലിസ് അറിയിച്ചിരുന്നു. പിന്നീട് എട്ടു മണിക്കൂറിനു ശേഷം വിട്ടയച്ചതോടെയാണ് ഗുപ്ത താന്‍ പരാതി പിന്‍വലിക്കുന്നതായി വ്യക്തമാക്കിയത്. താന്‍ നിര്‍മിക്കുന്ന പെട്രോള്‍ പമ്പിലേക്കുള്ള റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോയല്‍ 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ഗുപ്ത പരാതിയില്‍ ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ ഗവര്‍ണര്‍ രാംനായിക് മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്തായതോടെയാണു സംഭവം വിവാദമായത്.
Next Story

RELATED STORIES

Share it