യുപി പ്രതിപക്ഷ നേതാവ് ബിഎസ്പി വിട്ടു

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്വാമി പ്രസാദ് മൗര്യ ബിഎസ്പിയില്‍ നിന്നു രാജിവച്ചു. പാര്‍ട്ടിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നുവെന്നും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി ടിക്കറ്റുകള്‍ ലേലം വിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മൗര്യ സമാജ്‌വാദി പാര്‍ട്ടി (എസ്പി)യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ഈ മാസം 27ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭ വികസിപ്പിക്കുകയാണ്. മൗര്യ മന്ത്രിയാവുമെന്ന അഭ്യൂഹവും ശക്തമാണ്. പദ്രൗന നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന 62കാരനായ മൗര്യ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. തന്റെ ഭാവി പരിപാടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവപാല്‍ സിങ് യാദവുമായും മുഹമ്മദ് അസം ഖാനുമായും മൗര്യ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതാണ് അദ്ദേഹം എസ്പിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിക്കാന്‍ കാരണം. ദലിതുകളുടെ ഉന്നമനത്തിനായി അംബേദ്കറും കാന്‍ഷിറാമും മുന്നോട്ടുവച്ച തത്വങ്ങളില്‍ നിന്നു മായാവതി വ്യതിചലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാജിവയ്ക്കുക വഴി മൗര്യ പാര്‍ട്ടിക്ക് ഉപകാരം ചെയ്തിരിക്കുകയാണെന്ന് മായാവതി പറഞ്ഞു.
Next Story

RELATED STORIES

Share it