യുപി ഉപതിരഞ്ഞെടുപ്പ്175 ബൂത്തുകളില്‍ പ്രവര്‍ത്തിക്കാത്ത വോട്ടിങ് മെഷീനുകള്‍

ലഖ്‌നോ: ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലെ വിവിധ മണ്ഡലങ്ങളിലെ 175 ബൂത്തുകളില്‍ എത്തിച്ചത് പ്രവര്‍ത്തിക്കാത്ത വോട്ടിങ് മെഷീനുകള്‍. രാവിലെ വോട്ടെടുപ്പു തുടങ്ങിയതു മുതല്‍ പണിമുടക്കിയ മെഷീനുകള്‍ ഉച്ചയോടെയാണ് മാറ്റി പ്രവര്‍ത്തനസജ്ജമായവ എത്തിച്ചത്. ഇതിനകം നിരവധിപേര്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയിരുന്നു. മുസ്‌ലിം-ദലിത് ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിലാണ് പ്രവര്‍ത്തിക്കാത്ത വോട്ടിങ് മെഷീനുകളിലധികവും ഉണ്ടായിരുന്നത്. റമദാന്‍ വ്രതത്തിന്റെ കാലമായതിനാല്‍ ഏറെനേരം വരിനില്‍ക്കാനാവാതെ പലരും മടങ്ങിപ്പോയിരുന്നു.
മുസ്‌ലിം-ദലിത് പ്രദേശങ്ങളില്‍ വ്യാപകമായി കേടുവന്ന വോട്ടിങ് മെഷീനുകളാണ് എത്തിച്ചതെന്ന് കൈരാനയിലെ ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസും ഹസന്‍ ആരോപിച്ചു. ഇവിടെ മാത്രം 175 വോട്ടിങ് മെഷീനുകളാണ് പണിമുടക്കിയത്. ഇവയില്‍ പലതും മാറ്റിനല്‍കിയില്ല. ഇതിനാല്‍ തന്നെ പലര്‍ക്കും വോട്ട് രേഖപ്പെടുത്താനായില്ല. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. നൂര്‍പൂരില്‍ കേടായ വോട്ടിങ് മെഷീനാണ് എത്തിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ബിജെപിയെ എതിര്‍ക്കുന്ന കൈരാന ഉപതിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരീക്ഷണ കൂട്ടുകെട്ടായാണു കാണുന്നത്. ഇതിനാല്‍ തന്നെ ഇവിടെ വിജയിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് അതിപ്രധാനവുമാണ്.
Next Story

RELATED STORIES

Share it