യുപിയില്‍ വീണ്ടും പട്ടിണിമരണം

ലഖ്‌േനാ: യുപിയില്‍ കുശിനഗര്‍ ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ അമ്മയും രണ്ടു കുട്ടികളും മരിച്ചതു പട്ടിണി മൂലമാണെന്നു ഗ്രാമീണരുടെ വെളിപ്പെടുത്തല്‍. കുശിനഗര്‍ ജില്ലയില്‍ സപ്തംബര്‍ ആറിനാണു 30കാരിയായ സംഗീതയും ആറു വയസ്സുള്ള മകന്‍ ശ്യാമും മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സപ്തംബര്‍ 11ന് ഇവരുടെ അഞ്ചാമത്തെ മകളും മരിച്ചു. വയറിളക്കമാണു മരണകാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണു മരണമുണ്ടായതെന്നു ഗ്രാമീണര്‍ അറിയിച്ചു. സംഗീതയുടെ ഭര്‍ത്താവ് വീരേന്ദ്ര കൂലിപ്പണിക്കാരനാണ്. വരുമാനമില്ലാത്തതിനെ തുടര്‍ന്ന് ഏക ജീവിതോപാധിയായിരുന്ന വണ്ടിക്കാളയെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീരേന്ദ്ര വില്‍പന നടത്തിയിരുന്നു. തുടര്‍ന്നാണു നിര്‍മാണക്കമ്പനിയില്‍ ജോലിക്കാരനായി പോവാന്‍ തീരുമാനിച്ചത്. സംഗീതയും മകനും അസുഖം വന്നതിനെ തുടര്‍ന്ന് വീരേന്ദ്ര ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയാണ് ഇരുവരും മരിച്ചത്.
സംഗീതയുടെ മകളായ ഗീത സംഭവം നടന്ന് അഞ്ച് ദിവസത്തിനു ശേഷം മരണപ്പെട്ടു. സംഭവം ചര്‍ച്ചയായതോടെ അധികൃതര്‍ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഭക്ഷണസാധനങ്ങള്‍ ഒന്നും വീട്ടില്‍ ഇല്ലെന്നു കണ്ടെത്തി. പോഷകാഹാരം എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നു വ്യക്തമാക്കി യുപി സര്‍ക്കാര്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവുന്നതിനിടയിലാണു സംസ്ഥാനത്ത് പട്ടിണി മരണം റിപോര്‍ട്ട് ചെയ്യുന്നത്.
സമാന രീതിയില്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഹത്താര ജില്ലയില്‍ പെണ്‍കുട്ടി പട്ടിണിമൂലം മരിച്ച വാര്‍ത്തകള്‍ വന്നിരുന്നു.

Next Story

RELATED STORIES

Share it