യുപിയില്‍ രണ്ടു പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. 17ഉം 13ഉം വയസ്സുള്ള സഹോദരികളാണ് മരിച്ചത്. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരിപ്പുകളും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വയലിലേക്കു പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വൈകീട്ടോടെ പ്രാഥമികകൃത്യത്തിനായി പുറത്തുപോയതായിരുന്നു പെണ്‍കുട്ടികള്‍. തിരിച്ചെത്താതിരുന്ന കുട്ടികള്‍ ഗ്രാമത്തില്‍ വിവാഹസല്‍ക്കാരം നടക്കുന്ന വീട്ടില്‍ ഉണ്ടാവുമെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍, തൊട്ടടുത്ത ദിവസം രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തങ്ങള്‍ക്ക് ശത്രുക്കളാരുമില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതായി നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it