യുപിയില്‍ രണ്ടിടത്ത് വര്‍ഗീയ സംഘര്‍ഷം; 24 പേര്‍ക്കു പരിക്ക്

മുസഫര്‍നഗര്‍/അലിഗഡ്: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും അലിഗഡിലുമുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 24 പേര്‍ക്കു പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു രണ്ടിടത്തും ആക്രമണത്തിലെത്തിയത്.
മുസഫര്‍ നഗറിലെ ഭെന്‍സി ഗ്രാമത്തില്‍ രണ്ടു സമുദായക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് സ്ത്രീകളടക്കം 18 പേര്‍ക്കാണു പരിക്കേറ്റത്. അക്രമികള്‍ തോക്കുകളും കല്ലുകളും ഉപയോഗിച്ചു. ഒരു സമുദായത്തില്‍പ്പെട്ട കുട്ടികള്‍ മറ്റൊരു സമുദായക്കാരുടെ വീടുകള്‍ക്കു മുമ്പില്‍ പടക്കംപൊട്ടിച്ചതാണു കുഴപ്പങ്ങള്‍ തുടങ്ങാന്‍ കാരണം. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്.
പോലിസ് ആംഡ് കോണ്‍സ്റ്റാബുലറി സേനയെയും വിന്യസിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അലിഗഡിലെ ഡല്‍ഹി ഗേറ്റ് മേഖലയിലുണ്ടായ സംഘട്ടനത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനെ ച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മരണം നടന്ന വീടിനു സമീപം പടക്കം പൊട്ടിക്കുന്നതിനെ ചിലര്‍ എതിര്‍ത്തതോടെ തുടങ്ങിയ ബഹളം അക്രമത്തിലെത്തുകയായിരുന്നു. ജനക്കൂട്ടം ഒരു കട കത്തിച്ചു.
നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് മിക്കവര്‍ക്കും പരിക്കേറ്റതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു ജില്ലാ മജിസ്‌ട്രേറ്റ് ബാല്‍കര്‍സിങ് അറിയിച്ചു.
Next Story

RELATED STORIES

Share it