Flash News

യുപിയില്‍ ബിജെപിക്കെതിരേ എസ്പി-ആര്‍എല്‍ഡി സഖ്യം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കൈരാനാ ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ എസ്പിയുമായി സഹകരിക്കാന്‍ രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) തീരുമാനം.
ലഖ്‌നോയില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ആര്‍എല്‍ഡി ഉപാധ്യക്ഷന്‍ ജയന്ത് ചൗധരി നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ആര്‍എല്‍ഡി പ്രതിനിധി അനില്‍ ദുബെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തും. ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിക്കേണ്ടത് അനിവാര്യമാണ്. ബിഎസ്പി അധ്യക്ഷ മായാവതിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം നിലനിര്‍ത്തുമെന്നും ദുബെ പറഞ്ഞു. ഈയിടെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ മാതൃക വരും തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.
ഈ മാസം 28നാണ് ഇരു സ്ഥലങ്ങളിലും ഉപതിരഞ്ഞെടുപ്പ്. കൈരാനാ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി ഹുകുംസിങും നുപുര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലോകേന്ദ്രയും മരിച്ചതിനെ തുടര്‍ന്നാണ് ഇരുമണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. 17 ലക്ഷം വോട്ടര്‍മാരുള്ള കൈരാന മണ്ഡലത്തില്‍ മൂന്ന് ലക്ഷം മുസ്‌ലിംകളും നാല് ലക്ഷം പിന്നാക്ക വിഭാഗക്കാരും 1.5 ലക്ഷം ദലിത് വിഭാഗവുമാണുള്ളത്. കൈരാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് എസ്പിയും നുര്‍പൂരില്‍ എസ്പി സ്ഥാനാര്‍ഥിക്ക് ആര്‍എല്‍ഡിയും പിന്തുണ നല്‍കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it