യുപിയില്‍ കടുത്ത അസംതൃപ്തി

ലഖ്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ കാവിയില്‍ പൊതിഞ്ഞ സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അവകാശവാദങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായി സംസ്ഥാനത്ത് കടുത്ത അസംതൃപ്തി. സംസ്ഥാന തലസ്ഥാനത്തുപോലും പ്രത്യക്ഷമായ ആശയക്കുഴപ്പങ്ങളും നിരാശയും നിലനില്‍ക്കുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയിലും തിരഞ്ഞെടുപ്പുപ്രചാരണങ്ങളിലും നല്‍കിയ വന്‍ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതുകൊണ്ട് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെെട്ടന്ന ധാരണ നിലവിലുണ്ട്. ബിജെപി വാഗ്ദാനങ്ങള്‍ മാത്രമാണു നടത്തിയതെന്നും ജിഎസ്ടിയും നോട്ടുനിരോധനവുംമൂലം തങ്ങളുടെ വ്യാപാരം പാടെ തകര്‍ന്നെന്നും അമിനാബാദിലെ സ്വര്‍ണവ്യാപാരികള്‍ പറയുന്നു.
അഴിമതിക്കാരായ സര്‍ക്കാ ര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും എടുക്കുന്നില്ല. കഷ്ടത അനുഭവിക്കുന്നതെല്ലാം സാധാരണക്കാര്‍ മാത്രമാണെന്നും ഇവര്‍ പ്രതികരിക്കുന്നു. അഴിമതി ഇല്ലാതാക്കാന്‍ ഇനിയും സമയമുണ്ടെന്നാണു ഞങ്ങളുടെ പ്രതീക്ഷ. എന്നാ ല്‍, ജിഎസ്ടി ഞങ്ങളുടെ നടുവൊടിച്ചിരിക്കുന്നു. അതൊരിക്കലും ഒരു നല്ല തീരുമാനമായിരുന്നില്ല- ലഖ്‌നോയിലെ വസ്ത്രവ്യാപാരിയായ രാജീവ് നിഗം പറയുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാണ് അതേ മാര്‍ക്കറ്റിലെ മറ്റൊരു കച്ചവടക്കാരനായ രാകേശ് യാദവ് പ്രതികരിച്ചത്. ബിജെപി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലെ ജനങ്ങളിലേക്ക് ഒരിക്കലും എത്തിയിട്ടില്ല. അവര്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ അത്രപോലും നല്ല കാര്യങ്ങള്‍ ഈ സര്‍ക്കാരില്‍നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗി സര്‍ക്കാരിന്റെ കടന്നുകയറ്റം നിയമാനുസൃതമായ ഇറച്ചിവ്യാപാരത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാെണന്ന് ഇറച്ചി തൊഴിലാളികളുടെ അസോസിയേഷന്‍ പ്രസിഡന്റായ ശഫീന്‍ പറയുന്നു.
മൊത്തത്തില്‍ സംസ്ഥാനത്തെ വ്യാപാരമേഖല പൂര്‍ണമായും തകിടംമറിഞ്ഞിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതരത്തിലായിരുന്നു സാധാരണ ജനങ്ങളുടെ പ്രതികരണങ്ങള്‍. കുറ്റകൃത്യങ്ങളുടെ കുത്തൊഴുക്കാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ആശങ്ക. വിദ്യാഭ്യാസമേഖലയിലും തൊഴില്‍മേഖലയിലും യോഗി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിശോധിക്കാനുള്ള നടപടി മാത്രമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പ്രതികരിച്ചു.
90 ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ നികത്തുമെന്നാണ് ആദിത്യനാഥ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. നിരവധി മല്‍സര പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോരുന്നു. യുവാക്കള്‍ ഇതിനെതിരേ പ്രതിഷേധിക്കുമ്പോള്‍ അവരെ നിയമസഭയ്ക്കു മുന്നിലിട്ട് തല്ലിച്ചതയ്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവേഷണവിദ്യാര്‍ഥിയായ സുധാന്‍ഷു പറയുന്നു. വിവിധ മേഖലകളിലെ ജനങ്ങളുടെ കടുത്ത അസംതൃപ്തിയിലൂടെയാണ് യോഗി സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ച് മുന്നോട്ടുപോവുന്നത്. അടുത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ബിജെപിയുടെ തോല്‍വി പ്രതിഫലിപ്പിക്കുന്നതും ഇതാണ്.
Next Story

RELATED STORIES

Share it