യുപിയില്‍ എസ്പി-ബിഎസ്പി ധാരണ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബദ്ധവൈരിയായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ഥികളെ മായാവതിയുടെ ബിഎസ്പി പിന്തുണയ്ക്കുമെന്ന് സൂചന. യുപിയിലും കേന്ദ്രത്തിലും ഭരണത്തിലുള്ള ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ ലക്ഷ്യമിട്ട്് എസ്പിയുമായി കൈകോര്‍ക്കുമെന്ന് ബിഎസ്പി ഗോരഖ്പൂര്‍ സോണ്‍ കോ-ഓഡിനേറ്റര്‍ ഘനശ്യാം കാര്‍വാര്‍ വ്യക്തമാക്കി. ഇരുമണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തില്ല. അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുമായി തിരഞ്ഞെടുപ്പ്  സഖ്യമില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന സ്ഥാനാര്‍ഥിക്ക്  പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്നും ബിഎസ്പി നേതാവ് മായാവതി അറിയിച്ചു.
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളുമായുള്ള സഖ്യസാധ്യത ഇപ്പോള്‍ ബിഎസ്പി അജണ്ടയിലില്ല. എന്നാല്‍, അര്‍ഹമായ പരിഗണന ലഭിച്ചാല്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറാണെന്നും അവര്‍ സൂചന നല്‍കി. അതേസമയം, വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും എസ്പിയും ബിഎസ്പിയും വോട്ട് കൈമാറ്റം നടത്തുമെന്നു മായാവതി സമ്മതിച്ചു. എന്നാല്‍, ഇതൊരു തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നും അവര്‍ വിശദീകരിച്ചു.
യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായി കേശവ പ്രസാദ് മൗര്യയും ചുമതലയേറ്റതോടെയാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബിജെപിക്ക് അഭിമാനപോരാട്ടമാണ് ഇരു മണ്ഡലങ്ങളിലും. യോഗി ആദിത്യനാഥ് അഞ്ചു തവണ തുടര്‍ച്ചയായി പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. മാര്‍ച്ച് 11നാണ് ഇവിടെ വോട്ടെടുപ്പ്.
ഗോരഖ്പൂരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയും ഫുല്‍പൂരില്‍ കൗശലേന്ദ്ര സിങ് പട്ടേലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. എസ്പി സ്ഥാനാര്‍ഥികളായി നരേന്ദ്ര പ്രതാപ് സിങ് പട്ടേലും പ്രവീണ്‍ കുമാര്‍ നിഷാദുമാണ് മല്‍സരരംഗത്തുള്ളത്.
Next Story

RELATED STORIES

Share it