Flash News

യുപിഎസ്‌സി കേന്ദ്രനീക്കം ജനാധിപത്യ വിരുദ്ധം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: നിലവിലുള്ള യുപിഎസ്‌സി കേഡര്‍ അലോക്കേഷന്‍ സംവിധാനം മാറ്റി ഫൗണ്ടേഷന്‍ കോഴ്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് നിയമനം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഉടന്‍ കേഡര്‍ അലോക്കേഷന്‍ വഴി നിയമനം നല്‍കുന്ന നിലവിലെ രീതിക്ക് പകരം, ഫൗണ്ടേഷന്‍ കോഴ്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിങ് വകുപ്പ് ബന്ധപ്പെട്ട മറ്റു വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതിയ രീതി അനുസരിച്ച് യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ശേഷം മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി അക്കാദമിയില്‍ 15 ആഴ്ച നീണ്ടുനില്‍ക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സില്‍ പങ്കെടുക്കണം. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അടക്കമുള്ള കേന്ദ്ര സര്‍വീസുകളിലേക്ക് നിയമനം നടത്തുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി വിശ്വാസ്യതയും സുതാര്യതയും തെളിയിച്ചിട്ടുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ അനവധി സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നപ്പോഴും നിഷ്പക്ഷത നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് യുപിഎസ്‌സി. ഇതിനെ തകര്‍ക്കുന്ന ഏതു നീക്കവും എതിര്‍ക്കപ്പെടണം. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ രീതി അഴിമതിക്കും സ്വജനപക്ഷപാതത്തിനും കളമൊരുക്കുകയും രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും നിയമനത്തെ സ്വാധീനിക്കാന്‍ അവസരമൊരുക്കും. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നീക്കത്തിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയര്‍ത്തണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it