Flash News

യുനൈറ്റഡിനെ തളച്ച് നീലപ്പട



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ചെല്‍സി തളച്ചു. ലണ്ടനിലെ സ്റ്റാംഫോര്‍ഡില്‍ 41,615 ഫുട്‌ബോള്‍ ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി വിജയം പിടിച്ചെടുത്തത്. 56ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയുടെ ഗോളിലൂടെയാണ് ചെല്‍സി യുനൈറ്റഡിന്റെ കൊമ്പൊടിച്ചത്.റൊമേലു ലുക്കാക്കുവിനെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും അക്രമണച്ചുമതല ഏല്‍പ്പിച്ചു കൊണ്ട് യുനൈറ്റഡ് 4-3-1-2 എന്ന ശൈലിയിലിറങ്ങിയപ്പോള്‍  അതേ ഫോര്‍മാറ്റിലിറങ്ങിയാണ് ചെല്‍സി തന്ത്രങ്ങള്‍ മെനഞ്ഞത്. മല്‍സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ചെല്‍സി മുന്നേറ്റക്കാര്‍ യുനൈറ്റഡ് ഗോള്‍ വലയിലേക്ക് ആര്‍ത്തിരമ്പി കയറുന്നതാണ് കണ്ടത്. 43 ശതമാനം പന്ത് കൈവശംവച്ച യുനൈറ്റഡിന് നാല് ഗോള്‍ ശ്രമം മാത്രമാണ് ചെല്‍സിയുടെ ഗോള്‍മുഖത്ത് ഉതിര്‍ക്കാനായത്. അതേ സമയം, 57 ശതമാനം പന്തടക്കം വച്ച ചെല്‍സി 11 ഗോള്‍ ശ്രമമാണ് യുനൈറ്റഡ് വലയിലേക്ക് നടത്തിയത്്. പക്ഷേ, നാലെണ്ണം മാത്രം ഗോള്‍ പോസ്റ്റിനുള്ളിലേക്ക് ഉതിര്‍ത്തങ്കെിലും പറക്കും സേവുകളോടെ യുനൈറ്റഡ് ഗോളി ഡാവിഡ് ഡി ജിയ ചെല്‍സിയുടെ ഉറച്ച ഗോളുകളെല്ലാം തട്ടിയകറ്റി. ഗോളിന്റെ ഇടത്് വശത്തും വലതു വശത്തും നിരന്തരമായി പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ചെല്‍സി ഒരുപക്ഷേ ഗോളടിക്കാന്‍ മറന്നതാവും എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഓരോ നിമിഷത്തെയും അവരുടെ പ്രകടനം. ഇരു ടീമും അലസമായി കളിച്ച ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലേക്ക് കലാശിക്കുകയും ചെയ്തു. ഗോള്‍ രഹിത സമനിലയ്ക്കു ശേഷം തുടങ്ങിയ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെയായിരുന്നു യുനൈറ്റഡിന്റെ വരവ്. എങ്കിലും നേരിയ വ്യത്യാസത്തില്‍ ചെല്‍സി അവിടെയും മികച്ചു നിന്നു. മല്‍സരത്തിനിടയ്ക്ക് യുനൈറ്റഡിന്റെ പിഴവുകളെ കൃത്യമായി മുതലെടുത്ത ചെല്‍സിയുടെ മുന്നേറ്റം 56ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.  പ്രധിരോധക്കാരന്‍ സീസര്‍ അസ്പിലിക്യൂറ്റ നല്‍കിയ ക്രോസ് അല്‍വാരോ മൊറാറ്റ ഉഗ്രന്‍ ഹെഡ്ഡറിലൂടെ യുനൈറ്റഡ് വലയിലെത്തിച്ചു. ചെല്‍സി 1-0 ന് മുന്നില്‍. പിന്നീട് സമനില പാലിക്കാന്‍ കിണഞ്ഞു ശ്രമിച്ച യുനൈറ്റഡ് നിര ജീവന്‍മരണപ്പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നതോടെ തോല്‍വിയോടെ ബൂട്ടഴിക്കേണ്ടി വന്നു. തോല്‍വി വഴങ്ങിയെങ്കിലും 23 പോയിന്റുള്ള യുനൈറ്റഡ് പട്ടികയിലെ രണ്ടാം സ്ഥാനത്താണുള്ളത്. ചെല്‍സി നാലാമതും.
റയലിന് ആശ്വാസജയം
ലാലിഗയിലേയും ചാംപ്യന്‍സ് ലീഗിലെയും മോശം പ്രകടനങ്ങള്‍ക്ക് ശേഷം സിദാന്റെയും സംഘത്തിന്റെയും തിരിച്ചുവരവ്. സ്‌പെയിനില്‍ നിന്നു തന്നെയുള്ള  ലാസ് പാല്‍മാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ തിരിച്ചു വരവ് നടത്തിയത്. 41ാം മിനിറ്റില്‍ കാസെമിറോ, 56ാം മിനിറ്റില്‍ അസെന്‍സിയോ, 74ാം മിനിറ്റില്‍ ഇസ്‌കോ എന്നിവരാണ് റയലിന് ഉഗ്രവിജയം സമ്മാനിച്ചത്.  കോര്‍ണര്‍കിക്കില്‍ നിന്നും ലഭിച്ച പന്തില്‍ ഉഗ്രന്‍ ഹെഡ്ഡറോടെയാണ് കാസെമിറോ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 56ാം മിനിറ്റില്‍ അസെന്‍സിയോ റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. 68ാം മിനിറ്റില്‍ കാസെമിറോയെ പിന്‍വലിച്ച സിദാന്‍ യോറന്റെയെ കളത്തിലിറക്കി. 74ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ മികച്ചൊരു അസിസ്റ്റില്‍ ഇസ്‌കോയും ഗോള്‍ നേടിയതോടെ റയല്‍ ജയമുറപ്പിച്ചു. ജയത്തോടെ 23 പോയിന്റുള്ള റയല്‍ അത്‌ലറ്റികോ മാഡ്രിഡിന്  മുകളിലായി ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it