World

യുദ്ധവിമാനങ്ങള്‍ ഇദ്‌ലിബിലേക്ക്;ആക്രമണം ശക്തമാവുന്നു

സിറിയ: ജനാധിപത്യ ശക്തികളുടെ അവസാന കേന്ദ്രമായ ഇദ്‌ലിബില്‍ അവസാനവട്ട ആക്രമണങ്ങള്‍ക്കൊരുങ്ങി അസദ്. ഇന്നലെ രാവിലെ മുതല്‍ 23 പ്രാവശ്യമാണ് സിറിയയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങള്‍ ഇദ്‌ലിബിനു മുകളിലൂടെ പരിശോധനപ്പറക്കല്‍ നടത്തിയത്. ഇതിനിടെ, ചിലയിടങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഇതില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സിറിയയിലെ പ്രതിപക്ഷ പോരാളികളുടെ കേന്ദ്രമായ ഇദ്‌ലിബില്‍ മൂന്നാഴ്ചയ്ക്കു ശേഷമാണ് സൈന്യം വീണ്ടും വ്യോമാക്രമണത്തിനു തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് ഇറാന്‍, റഷ്യ, ഇറാഖ്, സിറിയന്‍ സൈനിക നേതാക്കള്‍ പ്രതിപക്ഷ സൈനികര്‍ക്കെതിരേ സംയുക്താക്രമണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം സിറിയന്‍ സന്ദര്‍ശനം നടത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി സായുധ പോരാളികളെ പൂര്‍ണമായും തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിറിയയില്‍ ഏഴു വര്‍ഷമായി തുടരുന്ന പ്രക്ഷോഭം പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നതിന് എല്ലാവിധ പിന്തുണയും ഇറാന്‍, ഇറാഖ്, റഷ്യ സൈനിക മേധാവികള്‍ വാഗ്ദാനം ചെയ്തു. ഇദ്‌ലിബ് പ്രവിശ്യ വളയാനുള്ള നീക്കത്തിലാണു സിറിയന്‍ സൈന്യം. അതേസമയം, വ്യോമാക്രമണത്തെ ശക്തമായി എതിര്‍ത്ത് യുഎസ് രംഗത്തുവന്നു. കരുതലില്ലാതെ ഇദ്‌ലിബ് പ്രവിശ്യയെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ആക്രമിക്കരുതെന്നും വലിയൊരു മനുഷ്യ ദുരന്തത്തിലേക്കു നയിച്ചേക്കാവുന്ന ഈ ആക്രമണത്തില്‍ പങ്കുചേരുന്നത് റഷ്യയും ഇറാനും നടത്തുന്ന വലിയ അപരാധമാവുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. പതിനായിരങ്ങളുടെ മരണത്തിലേക്ക് ഇതു നയിച്ചേക്കും. ഒരിക്കലും സംഭവിക്കാന്‍ സമ്മതിക്കരുതെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി. ഇദ്‌ലിബിനെ ആക്രമിക്കുക വഴി ഉണ്ടാവാന്‍ സാധ്യതയുള്ള വന്‍ ദുരന്തം ഇപ്പോഴും ഒഴിവാക്കാവുന്നതാണെന്നു ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it