Editorial

യുദ്ധമേഘങ്ങള്‍ ഉരുണ്ടു കൂടുന്നു



കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. അരനൂറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും കടുത്ത സംഘര്‍ഷമേഖലകളിലൊന്നാണ് കൊറിയ. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഉത്തര കൊറിയയും ദക്ഷിണ കൊറിയയുമായി വിഭജിതമായ രാജ്യം ഇക്കാലമത്രയും രണ്ടു ലോകവ്യവസ്ഥകള്‍ തമ്മിലുള്ള ബലപരീക്ഷണത്തിന്റെ സ്ഥിരം വേദിയായിരുന്നു. കിം ഇല്‍ സുങ് നേതൃത്വത്തില്‍ സ്ഥാപിച്ച കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭരണമാണ് അരനൂറ്റാണ്ടായി ഉത്തര കൊറിയയില്‍. തുടക്കത്തില്‍ സോവിയറ്റ് യൂനിയനും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് ചൈനയുമായിരുന്നു അവര്‍ക്ക് സായുധ-സാമ്പത്തിക പിന്തുണ നല്‍കിവന്നത്. ഇപ്പോള്‍ കിം കുടുംബത്തിലെ മൂന്നാംതലമുറക്കാരനായ കിം ജോങ് ഉന്‍ ആണ് ഭരണാധികാരി. യുവാവായ അദ്ദേഹം അടുത്തകാലത്താണ്  അധികാരത്തിലെത്തിയത്. ചെറുപ്പക്കാരനായ ഭരണാധികാരി. സ്വന്തം കുടുംബത്തിലെ ഏറ്റവും പ്രധാന അംഗങ്ങളെപ്പോലും കൊല്ലാന്‍ മടികാട്ടാത്ത കഠോരഹൃദയന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.മറുഭാഗത്ത്, പതിറ്റാണ്ടുകളായി പട്ടാള ഭരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു ദക്ഷിണ കൊറിയ. ജനാധിപത്യഭരണമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലും സ്വാധീനത്തിലുമാണ് ദക്ഷിണ കൊറിയന്‍ ഭരണസംവിധാനം. സമീപകാലത്ത് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു പുറത്താക്കേണ്ട സാഹചര്യവും ആ നാട്ടിലുണ്ടായി. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട ഈ സംഭവം ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടുമില്ല. ഇങ്ങനെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് കൊറിയയില്‍ വീണ്ടും സംഘര്‍ഷം പുകയാന്‍ ആരംഭിച്ചിരിക്കുന്നത്. ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും മറ്റ് അണ്വായുധങ്ങളും പരീക്ഷിക്കുന്നതാണ് അമേരിക്കയെയും ദക്ഷിണ കൊറിയയെയും പ്രകോപിപ്പിച്ചിരിക്കുന്നത്. വിശാലമായ പസഫിക് സമുദ്രം താണ്ടി അമേരിക്കന്‍ നഗരങ്ങളില്‍ വരെ എത്തിച്ചേരാന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ രാജ്യം മാരകമായ ആണവശേഷിയും അതു ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് എത്തിക്കാനുള്ള മിസൈല്‍ വാഹകശേഷിയും നേടിയെടുത്തിരിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്.ഇതിനെ പ്രതിരോധിക്കാന്‍ ദക്ഷിണ കൊറിയ താഡ് എന്ന പുതിയ സംവിധാനം അമേരിക്കന്‍ സഹായത്തോടെ സ്ഥാപിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറയുന്നു. ചുരുക്കത്തില്‍ അഫ്ഗാനും ഇറാഖിനും ശേഷം ഏഷ്യയില്‍ പുതിയൊരു മാരകമായ യുദ്ധമുഖം കൂടി തുറക്കാനുള്ള പുറപ്പാടിലാണ് യാങ്കി ഭരണാധികാരികള്‍ എന്നാണു തോന്നുന്നത്.
Next Story

RELATED STORIES

Share it