kozhikode local

യുദ്ധഭീകരത ലോകത്തിനു മുന്നില്‍ പകര്‍ത്തിവച്ച ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് കോഴിക്കോട്ട്‌

കോഴിക്കോട്: യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തിനു മുമ്പിലെത്തിച്ച് അതിപ്രശസ്തനായ യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ നിക് ഉട്ട് 17ന് കോഴിക്കോട്ട്. സംസ്ഥാന സര്‍ക്കാറിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും അതിഥിയായി കേരളം സന്ദര്‍ശിക്കുന്ന നിക് ഉട്ട് തെക്കന്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് സാമൂതിരിയുടെ നാട്ടിലെത്തുന്നത്. ശനിയാഴ്ച രാവിലെ വിമാന മാര്‍ഗം കരിപ്പൂരിലെത്തുന്ന നിക് ഉട്ട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ബേപ്പൂര്‍, വടകര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.
രാവിലെ പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സ്, ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നിക് ഉട്ടിന്റെ ഫോട്ടോപ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, പ്രസ്‌ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് ടൗണ്‍ഹാളില്‍ പൗര സ്വീകരണം നല്‍കും. 18 ന് വടകരയിലെ സര്‍ഗാലയയും നിക് ഉട്ട് സന്ദര്‍ശിക്കും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധഭീകരത വെളിച്ചത്തു കൊണ്ടുവന്ന നിക് ഉട്ടിന്റെ ചിത്രമാണ് അദ്ദേഹത്തെ പ്രസ് ഫോട്ടോഗ്രഫി മേഖലയില്‍ ആഗോള പ്രശസ്തനാക്കിയത്.
തെക്കന്‍ വിയറ്റ്‌നാമിലെ നാപാം ബോംബിങില്‍ ഭയന്നുവിറച്ച് ഉടുതുണിയില്ലാതെ ഓടുന്ന ഒന്‍പതുകാരി പെണ്‍കുട്ടിയുടെ ചിത്രം ആഗോളതലത്തില്‍ യുദ്ധത്തിനെതിരായ പൊതുവികാരം ഉണര്‍ത്തുകയും അമേരിക്കന്‍ ഭരണകൂട ഭീകരതക്കെതിരായ മുന്നേറ്റമായി മാറുകയും ചെയ്തു. യുദ്ധ ഭീകരതയുടെ നഗ്നത വെളിച്ചത്ത് കൊണ്ട് വന്ന ഈ ചിത്രമാണ് 1973 ലെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിനും നിക് ഉട്ടിനെ അര്‍ഹനാക്കിയത്. 18 ന് ഞായറാഴ്ച വയനാട് സന്ദര്‍ശിക്കുന്ന നിക് ഉട്ട് 19 ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കും.
Next Story

RELATED STORIES

Share it