World

യുദ്ധകാലത്ത് നാസികള്‍ മോഷ്ടിച്ച ചിത്രം വീണ്ടും ഉടമയ്ക്ക്്‌

വാഷിങ്ടണ്‍: രണ്ടാം ലോക യുദ്ധ കാലത്ത് നാസികള്‍ മോഷ്ടിച്ച ചിത്രം ഉടമസ്ഥരിലേക്കു തിരിച്ചെത്തി. പിയറെ അഗസ്റ്റ റെന്വയുടെ അവസാന ചിത്രമായ “പൂന്തോട്ടത്തിലെ രണ്ടു സ്ത്രീകള്‍’ ആണു 1941ല്‍ പാരിസിലെ പുരാവസ്തുക്കള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആല്‍ഫ്രഡ് വെയ്ന്‍ബെര്‍ഗറിന്റെ നിലവറയില്‍ നിന്നു നാസികള്‍ മോഷ്ടിച്ചത്. 1919ല്‍ വരച്ച ചിത്രമാണിത്. മോഷ്ടിക്കപ്പെട്ട ചിത്രം കഴിഞ്ഞ ബുധനാഴ്ച ആല്‍ഫ്രഡ് വെയ്ന്‍ബെര്‍ഗറിന്റെ പേരമകള്‍ സില്‍വി സുലിസ്റ്ററിന് ന്യൂയോര്‍ക്കിലെ ജൂത പൈതൃക മ്യൂസിയത്തില്‍ കൈമാറിയതായി യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.
രണ്ടാം ലോക യുദ്ധ കാലത്ത് നാസി അധിനിവേശ പാരിസില്‍ നിന്ന് വെയ്ന്‍ബെര്‍ഗറും ഭാര്യ മേരി വെയ്ന്‍ ബെര്‍ഗറും രക്ഷപ്പെട്ടെങ്കിലും ഇരുവര്‍ക്കും തങ്ങളുടെ ചിത്രങ്ങളുടെ ശേഖരമോ, പുരാവസ്തുക്കളോ കൂടെ കൊണ്ടുപോവാനായില്ല. പിന്നീട് നാസി സൈനികര്‍ ഈ പുരാവസ്തുക്കളും പെയിന്റിങുകളും മോഷ്ടിക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തു യൂറോപ്പില്‍ സ്വകാര്യവ്യക്തികളുടെ ശേഖരത്തില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നും നിരവധി ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ചിത്രങ്ങളുടെ പഴക്കം നിര്‍ണയിക്കുന്നതിന് വിദഗ്ധരെ നാസികള്‍ അന്വേഷിച്ചിരുന്നു. വെയ്ന്‍ബെര്‍ഗറിനെ ഇതിനായി ക്ഷണിച്ചെങ്കിലും അദ്ദേഹം ആവശ്യം തള്ളുകയാണുണ്ടായത്.
നഷ്ടപ്പെട്ട തന്റെ ചിത്രങ്ങള്‍ക്കായി വെയ്ന്‍ ബെര്‍ഗര്‍ ദീര്‍ഘനാള്‍ പോരാടി. ചില ചിത്രങ്ങള്‍ തിരിച്ചു ലഭിച്ചെങ്കിലും “പൂന്തോട്ടത്തിലെ രണ്ട് സ്ത്രീകള്‍’ ലഭിച്ചിരുന്നില്ല. ചിത്രം 1975ല്‍ ദക്ഷിണാഫ്രിക്കയിലേക്കു വിറ്റുപോയതായി പറയുന്നു. പിന്നീട് 1977ല്‍ വീണ്ടും ലണ്ടനിലേക്കു വില്‍പന നടത്തി. 1999ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിത്രം വീണ്ടും ലേലത്തിനെത്തി. 2013ല്‍ ലേലത്തിലൂടെ സ്വകാര്യവ്യക്തി ചിത്രം കരസ്ഥമാക്കി യുഎസിലെത്തിക്കുകയായിരുന്നു. ചിത്രം ജൂത പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it