യുഡിഎഫ്- 8, എല്‍ഡിഎഫ്- 8

തിരുവനന്തപുരം: വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും നേട്ടം. 19 ഇടങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും എട്ടു വീതം സീറ്റില്‍ ജയിച്ചു. രണ്ടിടങ്ങളില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു.
കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. 382 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിംലീഗിലെ പൂക്കോത്ത് സിറാജ് വിജയിച്ചത്. കൊടുവള്ളി നഗരസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. മുസ്‌ലിംലീഗിലെ സറീന റഫീഖ് ആണ് 97 വോട്ടിന് തലപ്പെരുമണ്ണ ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരും. മലപ്പുറം തവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി പി അബ്ദുല്‍ നാസര്‍ വിജയിച്ചു. പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചു. വെട്ടം പഞ്ചായത്തിലെ കൊട്ടേക്കാട് വാര്‍ഡ് യുഡിഎഫ് പിടിച്ചു. പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.
പത്തനംതിട്ടയില്‍ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയില്‍ രണ്ടു വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. എറണാകുളം രാമമംഗലം പഞ്ചായത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചു. കൊല്ലം ഉമ്മന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അണ്ടൂര്‍ (14), നെടുമ്പന ഗ്രാമപ്പഞ്ചായത്തിലെ പുലിയില (5) വാര്‍ഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. രണ്ടിടത്തും എല്‍ഡിഎഫിനാണ് സീറ്റ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ആര്‍ അജിതകുമാരിക്കാണ് വിജയം.






Next Story

RELATED STORIES

Share it