Kottayam Local

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഗോദയിലേക്ക്

കോട്ടയം: കോണ്‍ഗ്രസ്സിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയിലെ യുഡിഎഫ് ക്യാംപും പ്രചാരണ രംഗത്തേക്ക് കടക്കുന്നു. ജില്ലയിലെ യുഡിഎഫിന്റെ ആറു സിറ്റിങ് എംഎല്‍എമാരും മല്‍സര രംഗത്തുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നത് മൂന്നു സീറ്റുകളിലാണ്.
ആറു സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ്സാണ് മല്‍സരിക്കുന്നത്. കോട്ടയത്ത് സിറ്റിങ് എംഎല്‍എയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സക്കറിയയാണ് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പുതുപ്പള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വീണ്ടും മല്‍സരക്കും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വൈക്കത്ത് കെപിസിസി അംഗം അഡ്വ. സനീഷ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിങ് എംഎല്‍എ സിപിഐയിലെ കെ അജിത്തിന് പകരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം സി കെ ആശയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പാലായില്‍ സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണി തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍സിപി നേതാവ് മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ചങ്ങനാശ്ശേരിയില്‍ എട്ടാം തവണയും സിറ്റിങ് എംഎല്‍എ സി എഫ് തോമസ് തന്നെ മല്‍സരിക്കുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഡോ. കെ സി ജോസഫാണ് എതിരാളി. കാഞ്ഞിരപ്പള്ളിയില്‍ സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ ഡോ. എന്‍ ജയരാജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയിലെ വി ബി ബിനു എല്‍ഡിഎഫിനായും അങ്കത്തിനിറങ്ങുന്നു. കുടുത്തുരുത്തില്‍ സിറ്റിങ് എംഎല്‍എയായ അഡ്വ. മോന്‍സ് ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) ചെയര്‍മന്‍ സ്‌കറിയ തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. കെ സുരേഷ് കുറുപ്പിനെ നേരിടാന്‍ മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ തോമസ് ചാഴികാടനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. പി സി ജോര്‍ജ് സ്വതന്ത്രനായി മല്‍സരിക്കുന്നതിലൂടെ ചതുഷ്‌കോണ മല്‍സരത്തിന് കളമൊരുങ്ങുന്ന പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോര്‍ജുകുട്ടി അഗസ്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it