Kerala

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് ഏഴു സീറ്റ് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. എന്നാല്‍, ഏതൊക്കെ സീറ്റുകള്‍ എന്നതു സംബന്ധിച്ച് ധാരണയായില്ല. ഇക്കാര്യത്തില്‍ ഇന്നു രാവിലെ 10ന് വീണ്ടും ചര്‍ച്ച നടക്കും. എട്ടു സീറ്റാണ് ഇന്നലെ രാവിലെ കോണ്‍ഗ്രസ്സുമായി നടന്ന ചര്‍ച്ചയില്‍ ജെഡിയു ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റുകളായ കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നിവയിലും വടകരയിലും ജെഡിയു സ്ഥാനാര്‍ഥികള്‍ തന്നെയാവും മല്‍സരിക്കുക.
ഇതിനുപുറമേ, മട്ടന്നൂര്‍, നേമം, എലത്തൂര്‍, നെന്മാറ സീറ്റുകളാണ് ജെഡിയുവിന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍, സ്ഥിരം തോല്‍ക്കുന്ന മണ്ഡലങ്ങള്‍ക്കു പകരം മറ്റു സീറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യം. നേമത്തിന് പകരം വാമനപുരമോ കോവളമോ, എലത്തൂരിന് പകരം കോഴിക്കോട്ടെ സീറ്റും ആലപ്പുഴയിലെ കായംകുളവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ രാവിലെയും വൈകീട്ടും ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമുണ്ടായില്ല. ചര്‍ച്ച പൂര്‍ത്തിയായില്ലെന്നും ഇന്നു വൈകീട്ട് നാലിന് വീണ്ടും ചര്‍ച്ച നടക്കുമെന്നും കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു.
അധികമായി മൂന്ന് സീറ്റ് വേണമെന്ന മാണി വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വിട്ടുപോയ കക്ഷികളുടെ സീറ്റുകളിലുള്ള വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് പുനലൂര്‍, റാന്നി മണ്ഡലങ്ങളാണ് കേരളാ കോണ്‍ഗ്രസ് (എം) നോട്ടമിടുന്നത്. തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍ സീറ്റുകള്‍ വച്ചുമാറാമെന്നും കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ വച്ചുമാറാന്‍ സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
ആറ് സീറ്റ് വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടെങ്കിലും അഞ്ചെണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇരവിപുരം, കുന്നത്തൂര്‍, ചവറ, ആറ്റിങ്ങല്‍/ചിറയിന്‍കീഴ്, മലബാറില്‍ ഒരു സീറ്റ് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നിലപാടറിയിച്ചത്. അതേസമയം, കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗവുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല.
Next Story

RELATED STORIES

Share it