Most popular

യുഡിഎഫ് സര്‍ക്കാര്‍ യുഎപിഎ ചുമത്തിയത് 134 കേസുകളില്‍

നിഷാദ് എം ബഷീര്‍തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയത് 134 കേസുകള്‍ക്കെന്ന് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 123 എണ്ണവും മാവോവാദി ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ യുഎപിഎ ചുമത്തിയിട്ടുള്ളതും ഇതിന്റെ പേരിലാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുള്ളത്. 33എണ്ണം. തൊട്ടുപിന്നില്‍ 32 കേസുകളുള്ള പാലക്കാടാണ്. വയനാട്ടില്‍ 27 കേസുകളിലും യുഎപിഎ കരിനിയമം ചുമത്തിയിട്ടുണ്ട്. കോഴിക്കോട്ട് 11 കേസുകളിലും എറണാകുളത്തും കണ്ണൂരിലും ഏഴു കേസുകളില്‍ വീതവും ആലപ്പുഴയില്‍ മൂന്ന് കേസുകളിലും കൊല്ലത്തും കാസര്‍കോടും രണ്ട് കേസുകളിലും യുഎപിഎ ചുമത്തി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യുഎപിഎ കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഗീയ സംഘട്ടനത്തിന്റെ പേരിലാണ് എറണാകുളത്ത് രണ്ടും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി ഓരോ കേസിലും യുഎപിഎ ചുമത്തിയത്. കണ്ണൂരിലുണ്ടായ രാഷ്ട്രീയ സംഘട്ടനത്തിന്റെ പേരിലാണ് മൂന്ന് കേസുകള്‍ യുഎപിഎയുടെ പരിധിയിലെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശസുരക്ഷയ്ക്കും പരമാധികാരത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി തടയുകയും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുകയുമാണ് യുഎപിഎ നിയമത്തിന്റെ ഉദ്ദേശ്യമെന്നാണ് സര്‍ക്കാരിന്റെ വാദം. യുഎപിഎ നിയമം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ പ്രയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാവോവാദി ബന്ധത്തിന്റെ പേരുപറഞ്ഞും യോഗാഭ്യാസം നടത്തിയതിന്റെ പേരിലുംവരെ യുഎപിഎ ചുമത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. പാലക്കാട്, വയനാട്, മലപ്പുറം മേഖലകളില്‍ മാവോവാദത്തെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരിലും നിരവധി പേര്‍ യുഎപിഎയിലൂടെ അഴിക്കുള്ളിലായിട്ടുണ്ട്. പല കേസുകളിലും പോലിസ് ഉദ്യോഗസ്ഥരുടെ ഭാവനയ്ക്കനുസരിച്ചുള്ള റിപോര്‍ട്ടുകളാണ് യുഎപിഎക്ക് ആധാരമായി തയ്യാറാക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുകളിലും യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാണ്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ ആദ്യമായി യുഎപിഎ ചുമത്തിയത്. അതിനുശേഷം കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളിലും യുഎപിഎ ചുമത്തി. ഇതില്‍ കതിരൂര്‍ മനോജ് വധക്കേസ് മാത്രമാണ് സിബിഐക്ക് വിട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ആകെ 29 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായാണ് ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 13 കേസിലെയും പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ബിജെപി, ആര്‍എസ്എസ് പ്രതികളായി 11 കൊലക്കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേസിലും പ്രതികളാണ്. മൂന്നു കേസുകളിലെ പ്രതികളെ ഇതുവരെയായും പിടികൂടാനായിട്ടില്ല. 19 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it