Gulf

യുഡിഎഫ് സര്‍ക്കാര്‍ പ്രവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു

ആസന്നമായ കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികളായ ലക്ഷകണക്കിന് ആളുകളുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും അതിന്റേതായ വിലയുണ്ട്. കടല്‍ കടന്നു വന്നു കുടുംബത്തെ പോറ്റുന്നവര്‍ ആണെങ്കിലും നാടിന്റെ ഓരോ സ്പന്ദനങ്ങളും അതീവ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. സംസ്ഥാന നിയമ സഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് ആയതു കൊണ്ട് തന്നെ വോട്ടവകാശം പോലെയുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങളില്‍ ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ല. എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളില്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എടുത്ത നല്ല തീരുമാനങ്ങള്‍ ഈ വിഷയത്തില്‍ ഒട്ടേറെ മുന്നോട്ട് പോകാന്‍ പര്യാപ്തമായിട്ടുണ്ട്.
ഓണ്‍ ലൈന്‍ വഴി വോട്ടുകള്‍ ചേര്‍ക്കാനും നാട്ടില്‍ ഉള്ള സമയങ്ങളില്‍ വോട്ടുകള്‍ ചെയ്യാനും കഴിയുന്നു എന്നത് തന്നെ ഈ കാര്യത്തില്‍ ഉള്ള വിപ്ലകരമായ പുരോഗതിയാണ്. പ്രവാസികള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ തന്നെ പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തി വോട്ട് ചെയ്യുക എന്നതിന്റെ സങ്കീര്‍ണ്ണതകള്‍ ചര്‍ച്ച ചെയ്യേണ്ടതുമാണ്. എന്നാല്‍, ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്ര സര്‍ക്കാരിന് പരിഗണിക്കാവുന്ന വിഷയമാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം പ്രവാസി സമൂഹത്തിന് അത്യന്തം ഗുണപരവും പ്രതീക്ഷ നിര്‍ഭരവുമാ യിരുന്നു എന്ന് പറയാതെ വയ്യ. നാട്ടിലെ സമാധാന ജീവിത അന്തരീക്ഷം തന്നെ മതി ഇക്കാര്യത്തില്‍ പ്രവാസികളുടെ കൈയടി നേടാന്‍. കഴിഞ്ഞ കാലങ്ങളില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ നാട്ടില്‍ യാത്ര ചെയ്തിരുന്ന പ്രവാസികള്‍ ഇന്ന് ഗള്‍ഫിനു സമാനമായ റോഡുകളി ലൂടെയാണ് യാത്ര ചെയ്യുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടും , കൊച്ചി എയര്‍പോര്‍ട്ടിന്റെയും തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെയും വികസനവും പ്രവാസികള്‍ക്ക് ഗുണകരമാണ്. കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ ചില പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരും പ്രവാസി സംഘടനകളും സജീവമായ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. ഇതിനു പുറമേ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലോണ്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ നോര്‍ക്കക്ക് കഴിയുന്നു എന്നതും ഈ സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ച പ്രത്യേക താല്‍പര്യമാണ് കാണിക്കുന്നത്.
സംഘര്‍ഷ ഭരിതമായ ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ സഹോദരങ്ങളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി എടുത്ത നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അംഗീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു കാര്യക്ഷമമായി നടന്നിരുന്ന പ്രവാസി വകുപ്പ് എടുത്തു കളഞ്ഞു എന്നുള്ളത്. അതിനെതിരെ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന ആയ ഒ ഐസിസി ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. കേന്ദ്ര വിദേശ കാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജുമായി നേരിട്ട് ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രവാസികളുടെ കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തിരിച്ചു വരണം എന്ന് ഞാനും ആഗ്രഹിക്കുന്നു.
Next Story

RELATED STORIES

Share it