malappuram local

യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി; സി എന്‍ ജയദേവന്‍ എംപി പൊന്നാനി കോള്‍ വികസന അതോറിറ്റി ചെയര്‍മാന്‍

പൊന്നാനി: യുഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് റദ്ദ് ചെയ്ത് പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ ചെയര്‍മാനായി തൃശൂര്‍ എംപി ജയദേവനെ നിയമിക്കാന്‍ തീരുമാനം. അതോറിറ്റി പുനസ്സംഘടിപ്പിക്കാനും പ്രവര്‍ത്തനം വേഗത്തിലാക്കാനും ഉടന്‍ യോഗം വിളിക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
മലപ്പുറം, തൃശൂര്‍ ജില്ലകളിലായുള്ള പൊന്നാനി കോള്‍മേഖലയുടെ നെല്‍കൃഷിയുടെ സമഗ്രവികസനത്തിനായുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് കോള്‍ വികസന അതോറിറ്റി. തൃശൂര്‍ എംപി അതോറിറ്റി ചെയര്‍മാനാവണമെന്ന നിയമം ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പകരം പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെയാണ് ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരേ ഇടത് സംഘടനകള്‍ കോടതിയില്‍ പോയതോടെ അതോറിറ്റിക്ക് നാഥനില്ലാതായി, പ്രവര്‍ത്തനവും നിലച്ചു. ഈ സാഹചര്യത്തില്‍ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെ നിയമിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച 375 കോടിയുടെ പകുതി തുക പോലും അഞ്ച് വര്‍ഷമായിട്ടും ഉപയോഗിച്ചിട്ടില്ല.
ഇതിന് പരിഹാരം കാണാന്‍ ഉടന്‍ യോഗം വിളിക്കാനും നിര്‍ദേശം നല്‍കി. കോള്‍ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയാല്‍ മാത്രമേ പൊന്നാനി കോള്‍മേഖലയില്‍ നെല്‍കൃഷി വ്യാപനം സാധയമാവുവെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ തര്‍ക്കംമൂലം തൃശൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റിക്ക് രണ്ട് വര്‍ഷമായി അധ്യക്ഷന്‍ പോലുമില്ലാത്ത സ്ഥിതിയായിരുന്നു. അവലോകനയോഗം പോലും മുടങ്ങിയതോടെ കാലാവധി പൂര്‍ത്തിയായിട്ടും അനുവദിച്ച കോടികളുടെ ഫണ്ട് ഉപയോഗിക്കാനായിരുന്നില്ല.
മാത്രമല്ല കര്‍ഷകര്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇതുമൂലം ലഭിക്കുകയും ചെയ്തില്ല. മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്ന പൊന്നാനി കോള്‍മേഖലയിലെ നെല്‍കൃഷിയുടെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കാനാണ് കൃഷി വകുപ്പിന്റെ നിയന്ത്രണത്തില്‍ 2011ല്‍ രൂപീകരിച്ചതാണ് തൃശൂര്‍ പൊന്നാനി കോള്‍ വികസന അതോറിറ്റി. തൃശൂര്‍ എംപി ചെയര്‍മാനാവണമെന്ന നിയമപ്രകാരം ആദ്യം പി സി ചാക്കോയായിരുന്നു അധ്യക്ഷന്‍. പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ പി സി ചാക്കോ തോല്‍ക്കുകയും സിപിഐയിലെ ജയദേവന്‍ എംപി ആവുകയും ചെയ്തതോടെയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ജയദേവനെ ചെയര്‍മാനാക്കാന്‍ തയ്യാറാവാതെ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെ ചെയര്‍മാനാക്കുകയാണ് ഉണ്ടായത്. കേള്‍ വികസന അതോറിറ്റി നിലച്ചതിനാല്‍ പൊന്നാനി കോള്‍ മേഖലയിലെ ബണ്ടുകളുടെ നിര്‍മാണവും നിലച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ പൊന്നാനി കോള്‍മേഖലയുടെ വികസനം സാധ്യമാവുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കോടികളുടെ കേന്ദ്രഫണ്ടാണ് പൊന്നാനി കോള്‍മേഖലയ്ക്ക് ലഭിക്കുന്നത്. പക്ഷേ, അടിസ്ഥാനവികസനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കോള്‍ വികസന അതോറിറ്റി നിലച്ചതിനാല്‍ സാധ്യമായിരുന്നില്ല.
പുതിയ തീരുമാനത്തോടെ ഇതിനൊരു പരിഹാരമുണ്ടായിരിക്കുകയാണ്. കുന്ദംകുളം വെട്ടിക്കടവ് മുതല്‍ ബിയ്യംകായല്‍ വരെ പരന്നുകിടക്കുന്ന പൊന്നാനി കോള്‍മേഖല വര്‍ഷങ്ങളായി അവഗണനയിലായിരുന്നു. 12,000 ഏക്കറിലായി 60 പാടശേഖരങ്ങള്‍ ഉണ്ടെങ്കിലും സൗകര്യത്തിന്റെ കുറവിനെ തുടര്‍ന്ന് 7,000 ഏക്കറില്‍ മാത്രമാണ് നിലവില്‍ കൃഷിയിറക്കുന്നത്.
നിലവില്‍ നാല് മാസത്തെ പുഞ്ചകൃഷിയില്‍നിന്ന് 45 കോടി രൂപയുടെ നെല്ലാണ് വര്‍ഷം തോറും ഉല്‍പാദിപ്പിക്കുന്നത്. കോള്‍ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ 40 പാടശേഖരങ്ങളിലെ സ്ഥിരം ബണ്ടുകളും ജലസേചന സൗകര്യം മെച്ചപ്പെടുത്തലും എന്‍ജിന്‍ തറ നിര്‍മാണവുമാണ് പ്രതിസന്ധിയിലായത്.
Next Story

RELATED STORIES

Share it