thrissur local

യുഡിഎഫ് യോഗങ്ങളില്‍ ബിജെപിക്കെതിരേ പ്രസ്താവനകള്‍ക്ക് വിലക്ക്

കെ എം അക്ബര്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ബിജെപിക്കെതിരേയുള്ള പ്രസ്താവനകള്‍ക്ക് വിലക്ക്. മുസ്‌ലിം ലീഗ് നേതാക്കളാണ് ബിജെപിക്കെതിരേയുള്ള പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. വാശിയേറിയ പോരാട്ടം നടക്കുന്ന ഗുരുവായൂരില്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണം നിലനില്‍ക്കേയാണ് ലീഗിന്റെ ഈ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ ബിജെപിക്കെതിരേ പ്രസംഗിച്ച കോണ്‍ഗ്രസ് നേതാക്കളോട് ഇനി ഇത്തരത്തില്‍ കവല പ്രസംഗങ്ങള്‍ നടത്തരുതെന്നും ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റിനും എടക്കഴിയൂരിലെ മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് നേതാവിനുമാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഇരുവരും ബിജെപിക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ ബിജെപി നേതാക്കള്‍ ചില ലീഗ് നേതാക്കളെ വിളിച്ച് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു.
തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് നേതാക്കളില്‍ നിന്നുയരുന്ന ബിജെപി വിരുദ്ധ പ്രസംഗങ്ങള്‍ ധാരണക്ക് കോട്ടം സൃഷ്ടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ബിജെപിക്കെതിരേയുണ്ടാകുന്ന പ്രസ്താവനകള്‍ ബിജെപിയുമായുള്ള വോട്ടു മറിക്കല്‍ ധാരണക്ക് വിലങ്ങു തടിയാവുമെന്ന് ലീഗ് നേതൃത്വവും മനസ്സിലാക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം പരിധിയില്‍ നിന്നും 20,000ലധികം വോട്ടുകളാണ് ബിജെപി നേടിയിട്ടുള്ളത്. ഇത് മുന്‍ നിര്‍ത്തിയാണ് മണ്ഡലത്തില്‍ വോട്ടു കച്ചവടം ഉറപ്പിച്ചിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 4000ഓളം വോട്ടുകള്‍ തങ്ങള്‍ക്ക് മറിച്ചു നല്‍കണമെന്നാണ് ലീഗിലെ ഒരു വിഭാഗം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം. സിപിഎമ്മിന് ലഭിക്കാന്‍ സാധ്യതയുള്ള ഹൈന്ദവ വോട്ടുകള്‍ പരമാവധി ബിജെപിയുടെ പെട്ടിയില്‍ എത്തിച്ചാല്‍ വോട്ടു മറിക്കല്‍ സംഭവം തിരഞ്ഞെടുപ്പിന് ശേഷം ജന—ങ്ങളില്‍ നിന്നും മറച്ചു പിടിക്കാനാവുമെന്ന തന്ത്രവും ലീഗ് നേതാക്കള്‍ ബിജെപിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലും മണ്ഡലത്തിലെ ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളിലും ഈ തന്ത്രം നടപ്പിലാക്കാന്‍ കഴിയുമെന്ന് ലീഗ് കണക്കു കൂട്ടുന്നുണ്ട്.
ഇതേ സമയം, ഗുരുവായൂര്‍ മണ്ഡലത്തില്‍ ലീഗ്-ബിജെപി വോട്ടു മറിക്കല്‍ ധാരണയുണ്ടന്ന ആരോപണം വ്യാപകമായിട്ടുണ്ട. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബിജെപി വോട്ട് വേണ്ടെന്ന് പരസ്യ പ്രസ്താവന നടത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോ ലീഗ് നേതൃത്വമോ ഇതു വരെ തയ്യാറാകാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ തെളിവാണെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it