യുഡിഎഫ് യോഗം ആറിന്: ഘടകകക്ഷികളുടെ സീറ്റുതര്‍ക്കം മുഖ്യ ചര്‍ച്ചയാവും

തിരുവനന്തപുരം: സീറ്റിന്റെ പേരില്‍ ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഡിഎഫ് യോഗം ഈമാസം ആറിന് ചേരും. ഉഭയകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിക്കാനാണ് ഘടകകക്ഷികളുടെ തീരുമാനം.
സീറ്റ് തര്‍ക്കത്തിന് പുറമെ യുഡിഎഫ് സര്‍ക്കാരിനെതിരേ സമീപ കാലത്തുയര്‍ന്നുവന്ന വിവാദങ്ങളും യോഗത്തെ കലുഷിതമാക്കും. മെത്രാന്‍ കായല്‍, കടമക്കുടിയിലെ നിലം നികത്തല്‍, വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമിദാനം, മുഖ്യമന്ത്രിയടക്കമുള്ളവരെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കുലര്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നായിരിക്കും ഘടകകക്ഷികളുടെ വിമര്‍ശനം.
യുഡിഎഫ് തിരഞ്ഞെടുപ്പിലേക്ക് പോവുന്ന പശ്ചാത്തലത്തില്‍ അവസാന മന്ത്രിസഭായോഗങ്ങളിലെടുത്ത വിവാദമായ തീരുമാനങ്ങള്‍ വി എം സുധീരന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും ഘടകകക്ഷികള്‍ ആരോപിക്കും.
മുഖ്യമന്ത്രിയെയും മുന്‍ കേന്ദ്രമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇപ്പോള്‍ പുറത്തുവന്ന സരിതയുടെ വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയരും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളും. സീറ്റുതര്‍ക്കമാവും മുന്നണി യോഗത്തിലെ പ്രധാന അജന്‍ഡ.
സീറ്റിനെച്ചൊല്ലി യുഡിഎഫിലെ പ്രധാന കക്ഷികളെല്ലാം ഇടഞ്ഞ്‌നില്‍ക്കുകയാണ്.
ചില പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്തതാണ് പ്രശ്‌നം വഷളാക്കിയത്. ഡല്‍ഹിയില്‍ സീറ്റുചര്‍ച്ചയിലായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷികളുമായി ടെലിഫോണില്‍ നടത്തിയ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തില്‍ ഉറപ്പുനല്‍കിയ സീറ്റുകളാണ് അടുത്ത ദിവസം മാറിമറിഞ്ഞത്. മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസ് എമ്മും ജെഡിയുവും ആര്‍എസ്പിയുമാണ് സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്നത്.
Next Story

RELATED STORIES

Share it