kozhikode local

യുഡിഎഫ് മെംബര്‍മാര്‍ക്ക് നേരെ ആക്ഷേപം; ഉപഹാരങ്ങള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചു

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മെമ്പര്‍മാരെ അപമാനിക്കുന്ന രീതിയില്‍ പൊതുയോഗത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് വികസന സെമിനാറില്‍ യുഡിഎഫ്  പ്രതിഷേധിച്ചു.
പഞ്ചായത്ത് വികസന സെമിനാറില്‍ യുഡിഎഫ് പ്രതിനിധികള്‍ ചായയും ഊണും ബഹിഷ്‌കരിക്കുകയും ഉപഹാരമായി നല്‍കിയ സഞ്ചി തിരിച്ചേല്‍പ്പിക്കുകയും ചെയ്താണ് പ്രതിഷേധമറിയിച്ചത്. യുഡിഎഫിന്റെ ജനപ്രതിനിധികള്‍ ഒന്നിനും കൊള്ളാത്തവരാണെന്നും പഞ്ചായത്തിന്റെ ചായയും ഊണും കഴിക്കാന്‍ വരുന്നവരാണെന്നുമുള്ള രീതിയില്‍  രണ്ടു മാസം മുമ്പ് ഒരു പൊതുയോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസംഗിച്ചെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. തുടര്‍ന്ന് പ്രസിഡന്റിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഭരണ സമിതി, സ്ഥിരം സമിതി യോഗങ്ങളിലും ആസൂത്രണ, കര്‍മസമിതി യോഗങ്ങളിലും യുഡിഎഫിന്റെ ജനപ്രതിനിധികളും ചായയും ഊണുമെല്ലാം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. അതിനിടെ മറ്റൊരിടത്ത് നടന്ന പൊതുയോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റിന്റെ പ്രസംഗത്തെ ന്യായീകരിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത് . അതേ സമയം യുഡിഎഫിന്റെ ഭാഗത്തു നിന്നുള്ള എല്ലാ പ്രതിനിധികളും വികസന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിലും ഗ്രൂപ്പ് ചര്‍ച്ചകളിലും പങ്കെടുത്തു. യുഡിഎഫ് നേതാക്കളായ  ചോലയ്ക്കല്‍ രാജേന്ദ്രന്‍,കെ കെ കോയ, എ ഷിയാലി, എന്‍ മുരളീധരന്‍, പി കണ്ണന്‍, മണ്ണൊടി റെനില്‍ കുമാര്‍, വെള്ളരിക്കല്‍ മുസ്തഫ, പി പി അബ്ദുള്‍ ലത്തീഫ്,പി ടി ബാലന്‍, പി കെ രമേശന്‍ ജനപ്രതിനിധികളായ പി രമണി, മീത്തില്‍ അബ്ദുള്‍ അസീസ്, പി എം സൗദ, സബിഷ രാജേഷ്, എ എം പുഷ്പകുമാരി, സി കെ സാജിത എന്നിവര്‍ ചേര്‍ന്നാണ് ഉപഹാരം തിരിച്ചേല്‍പ്പിച്ചത്.
Next Story

RELATED STORIES

Share it