Flash News

യുഡിഎഫ് ബന്ധുനിയമന കേസ്‌ : വിജിലന്‍സ് റിപോര്‍ട്ട് 18ന് ഹാജരാക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം: യുഡിഎഫ് നേതാക്കളുടെ ബന്ധുനിയമന കേസില്‍ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ഈമാസം 18ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം. അന്വേഷണ റിപോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കണമെന്ന് കോടതി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെങ്കിലും ചില സാങ്കേതിക നടപടികള്‍ അവശേഷിക്കുന്നതിനാല്‍ റിപോര്‍ട്ട് വൈകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് 18ന് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ബന്ധുക്കളെ യോഗ്യതയോ മാനദണ്ഡമോ ഇല്ലാതെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചെന്നായിരുന്നു ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ എം മാണി, കെ സി ജോസഫ്, പി കെ ജയലക്ഷമി, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍ എന്നീ മന്ത്രിമാരും വി എം ഉമ്മര്‍, ആര്‍ സെല്‍വരാജ്, വിന്‍സന്റ് എന്നിവരും ബന്ധുക്കളെ അനധികൃതമായി നിയമിച്ചെന്നാണ് പരാതി. എ എച്ച് ഹഫീസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it