യുഡിഎഫ് പ്രതിഷേധക്കോട്ട: ബാനര്‍ പ്രദര്‍ശനത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ ശേഖരിച്ച 1.08 കോടി ഒപ്പുകളുടെ പ്രദര്‍ശനം ചരിത്രമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ ഇന്നലെ വൈകീട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ 70 കിലോമീറ്ററാണ് യുഡിഎഫ് മനുഷ്യക്കോട്ട തീര്‍ത്തത്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി നടപ്പാക്കിയതിലെ തകരാറുകള്‍, പെട്രോളിയം ഉല്‍പന്നങ്ങളിലെ വിലവര്‍ധന, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, ധനപ്രതിസന്ധി, ക്രമസമാധാന തകര്‍ച്ച, വികസന മുരടിപ്പ്, സാമൂഹിക പെന്‍ഷനുകളുടെ നിഷേധം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പൊതുസമ്മേളനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. തിരുവനന്തപുരത്ത് നിന്നു കൊല്ലത്തേക്കുള്ള നാഷനല്‍ ഹൈവേയുടെ ഇടതുവശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത്. വൈകീട്ട് നാലോടെ നിശ്ചയിച്ച സ്ഥലങ്ങളിലെത്തിയ പ്രവര്‍ത്തകര്‍ കൃത്യം 5 മണിമുതല്‍ മൂന്നു മിനിറ്റാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഗതാഗതസ്തംഭനം ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന്, പാളയം കണ്ണിമേറ മാര്‍ക്കറ്റിനു മുമ്പില്‍ പൊതുസമ്മേളനവും നടന്നു. ചടങ്ങില്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് ബ്യൂറോ അജ്യൂഡിക്കേറ്റര്‍ വിവേക് രാജ ലോകത്തിലെ ഏറ്റവും വലിയ ബാനര്‍ എന്ന ബഹുമതിയും ഏറ്റവും വലിയ സിഗ്‌നേച്ചര്‍ കാംപയിന്‍ എന്ന ബഹുമതിയും പരിഗണിച്ച് പ്രതിഷേധക്കോട്ട പരിപാടിക്കുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ, മെഡല്‍ എന്നിവ പ്രതിപക്ഷനേതാവും പടയൊരുക്കം ജാഥാ ക്യാപ്റ്റനുമായ രമേശ് ചെന്നിത്തലയ്ക്കു കൈമാറി.  കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് കെ പി എ മജീദ്, ജോണി നെല്ലൂര്‍, സി വി പത്മരാജന്‍, പി വി മുഹമ്മദ്, വി ടി ബല്‍റാം എംഎല്‍എ, ബിന്ദുകൃഷ്ണ, കെ സി രാജന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ 11 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it