യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല

കോഴിക്കോട്: ഇന്നാരംഭിക്കുന്ന കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. മുസ്്ലിംലീഗിന്റെ കടുംപിടിത്തവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം സ്വീകരിച്ച ഇടതുപക്ഷ അനുകൂല നിലപാടുമാണ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നത്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍തന്നെ കോ ണ്‍ഗ്രസ് നേതാക്കളോട് നല്ല അടുപ്പം സൂക്ഷിക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ശ്രദ്ധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്നു. എന്നാല്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ കാന്തപുരം വിഭാഗം പിന്തുണച്ചിരുന്നില്ല. ഇടതു സ്വതന്ത്രനായ അന്‍വറിനെയായിരുന്നു പിന്തുണ. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ശംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരത്തിന്റെ പരസ്യ ആഹ്വാനവും അണികള്‍ ശക്തമായി രംഗത്തിറങ്ങിയതും അന്നുതന്നെ യുഡിഎഫില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു.ബിജെപിയുമായുള്ള കാന്തപുരം വിഭാഗത്തിന്റെ അടുപ്പവും ബഹിഷ്‌കരണത്തിന് ആക്കംകൂട്ടി. നിലവില്‍ സംസ്ഥാന നേതാക്കള്‍ക്കു മാത്രമേ വിലക്കുള്ളൂ എന്നാണറിയുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ജനപ്രതിനിധികളും നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. നേതാക്കളാരും പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് നേരത്തേ തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.
Next Story

RELATED STORIES

Share it