Idukki local

യുഡിഎഫ് ധാരണ; കരിമണ്ണൂര്‍, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു

തൊടുപുഴ: യുഡിഎഫ് മുന്‍ ധാരണപ്രകാരം കരിമണ്ണൂര്‍, കരിങ്കുന്നം പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ രാജിവച്ചു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടോജോ പോള്‍ എന്നിവരാണ് ഇന്നലെ രാജിവച്ചത്. അതേസമയം, ധാരണപ്രകാരം രാജിവയ്‌ക്കേണ്ട ഇരട്ടയാര്‍, അറക്കുളം പഞ്ചായത്തുകളിലെ അന്തിമ തീരുമാനമായില്ല. ഡിസിസി പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് അറക്കുളത്തെ രാജി സംബന്ധിച്ചു തീരുമാനമെടുക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ യുഡിഎഫ് ധാരണപ്രകാരം ഈ പഞ്ചായത്തുകളില്‍ ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റുപദം കേരളാ കോണ്‍ഗ്രസ്സിനും തുടര്‍ന്ന് കോണ്‍ഗ്രസ്സിനും നല്‍കാനായിരുന്നു മുന്‍ധാരണ. ഇതിന്റെ തുടര്‍ച്ചയായി ഈ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ വൈസ് പ്രസിഡന്റുമാരും രാജിവയ്ക്കും. ഇവര്‍ രാജിവയ്ക്കുന്നതിനു പകരമായി കേരള കോണ്‍ഗ്രസ് അംഗങ്ങളായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുക. രട്ടയാറില്‍ ആനിയമ്മ ജോസഫും അറക്കുളത്തു ടോമി ജോസഫുമാണു പ്രസിഡന്റ്.
താടുപുഴ നഗരസഭയില്‍ ധാരണപ്രകാരം കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് അംഗം സഫിയ ജബ്ബാര്‍ രാജിവച്ചിരുന്നു. ഇനി ഇവിടെ ഒരു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണു ചെയര്‍പേഴ്‌സന്‍ പദവി. കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പ്രസിഡന്റുപദം രാജിവയ്ക്കുന്ന പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് അംഗങ്ങളായ വൈസ് പ്രസിഡന്റുമാര്‍ രാജിക്കത്ത് നല്‍കണമെന്ന് ഡിസിസി പ്രസിഡന്റി ഇബ്രാഹീംകുട്ടി കല്ലാര്‍ നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it