യുഡിഎഫ് തൃശൂരില്‍ ആറ് സീറ്റ് നിലനിര്‍ത്തുമെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: യുഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉറപ്പിച്ചു പറയുമ്പോഴും ജില്ലയില്‍ നില മെച്ചപ്പെടുത്തില്ലെന്ന അഭിപ്രായവുമായി മുതി ര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സി എന്‍ ബാലകൃഷ്ണന്‍.
യുഡിഎഫ് നല്ലരീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും തൃശൂര്‍ ജില്ലയില്‍ 6 സീറ്റെങ്കിലും നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പൂങ്കുന്നം ഹരിശ്രീ വിദ്യാലയത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പറഞ്ഞ സ്ഥിതിക്ക് ഭരണത്തുടര്‍ച്ചയില്‍ ആശങ്കയില്ലെന്നും മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബിജെപി-വെള്ളാപ്പള്ളി സഖ്യം സാമ്പത്തിക സ്രോതസ് ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ഇറക്കിക്കളിച്ചു. രാവിലെ 7.20ഓടെ ഹരിശ്രീ സ്‌കൂളിലെ 28ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ മന്ത്രി അരമണിക്കൂറോളം ക്യൂവില്‍ നിന്നാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് തരംഗമാണു പ്രകടമായിട്ടുള്ളതെന്നും തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും നല്ല വിജയപ്രതീക്ഷയുണ്ടെന്നും മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പൂങ്കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it