kasaragod local

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതം

കാസര്‍കോട്: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ലീഗ് കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രചാരണം ഊര്‍ജിതമാക്കി. ഇന്നലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി പ്രര്‍ത്തകരേയും നാട്ടുകാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എയായ എന്‍ എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ച ശേഷം കാസര്‍കോട് നഗരസഭ, ചെങ്കള, മധൂര്‍, ബദിയടുക, കാറഡുക്ക, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിവരികയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജ്, കാസര്‍കോട് ഹാര്‍ബര്‍, ചെര്‍ക്കള, നായന്മാര്‍മൂല എന്നീ ടൗണുകളുടെ വികസനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായം നിരവധി അര്‍ഹര്‍ക്ക് ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി നിയമസഭയില്‍ ഒന്നിലേറെ തവണ സബ്മിഷന്‍ ഉന്നയിക്കുകയും നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യാനായത് തന്റെ പാര്‍ലമെന്ററി ജീവിതത്തിലെ പ്രധാന സംഭവമാണെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ 9500ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എന്‍ എ നെല്ലിക്കുന്ന് കന്നി അങ്കത്തില്‍ വിജയിച്ചത്. കാസര്‍കോട് മണ്ഡലത്തിലെ ചെങ്കള, ബദിയടുക്ക, കുമ്പഡാജെ, മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോട് നഗരസഭ എന്നിവ യുഡിഎഫും കാറഡുക്ക, മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ ബിജെപിയുമാണ് ഭരിക്കുന്നത്.
എല്‍ഡിഎഫ് ബിജെപി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്‍ഡിഎഫിന്റെ പിന്തുണയോടെ കലാകാലങ്ങളില്‍ ഐഎന്‍എല്ലാണ് മല്‍സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ബലിയാടാവാന്‍ തങ്ങളില്ലെന്നും വിജയ സാധ്യതയുള്ള മണ്ഡലം വേണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്രാവശ്യം ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇന്നലെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ബദിയടുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാസര്‍കോട് നഗരസഭയിലെ തളങ്കരയിലും പര്യടനം നടത്തി.
Next Story

RELATED STORIES

Share it