thrissur local

യുഡിഎഫ് തരിപ്പണമായി; എല്‍ഡിഎഫിന് ആധിപത്യം

പി എച്ച് അഫ്‌സല്‍

തൃശൂര്‍: യുഡിഎഫിന്റെ പരമ്പരാഗത കോട്ടകള്‍ പോലും തകര്‍ത്തുകൊണ്ട് തൃശൂരില്‍ എല്‍ഡിഎഫിന്റെ തേരോട്ടം. ജില്ലയിലെ 13 ല്‍ 12ലും എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ യുഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി.
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ ഭൂരിപക്ഷം കയറിയും ഉദ്വേഗജനമാക്കിയ വടക്കാഞ്ചേരി മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന്റെ അനില്‍ അക്കര 43 വോട്ടിന വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, നാട്ടിക, കൈപ്പമംഗലം, പുതുക്കാട്, ചാലക്കുടി എന്നിവയ്ക്ക് പുറമെ മണലൂരും ഒല്ലൂരും തൃശൂരും ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും എല്‍ഡിഎഫ് ഇത്തവണ സ്വന്തമാക്കി.
ചേലക്കരയില്‍ യു ആര്‍ പ്രദീപ് കുമാര്‍, കുന്നംകുളത്ത് എ സി മൊയ്തീന്‍, ഗുരുവായൂരില്‍ കെ വി അബ്ദുള്‍ഖാദര്‍, മണലൂരില്‍ മുരളി പെരുനെല്ലി, ഒല്ലരില്‍ അഡ്വ.കെ രാജന്‍, തൃശൂരില്‍ അഡ്വ.വി എസ് സുനില്‍കുമാര്‍, നാട്ടികയില്‍ ഗീത ഗോപി, കൈപ്പമംഗലത്ത് ടൈസണ്‍ മാസ്റ്റര്‍, ഇരിങ്ങാലക്കുടയില്‍ പ്രഫ.കെ യു അരുണന്‍, പുതുക്കാട് പ്രഫ.സി രവീന്ദ്രനാഥ്, ചാലക്കുടിയില്‍ ബി ഡി ദേവസി, കൊടുങ്ങല്ലൂരില്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എന്നിവരാണ് വിജയിച്ചത്. എല്‍ഡിഎഫ് തരംഗത്തില്‍ രണ്ടര പതിറ്റാണ്ടായി കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന തൃശൂര്‍ മണ്ഡലവും നഷ്ടപ്പെട്ടു. നായര്‍-നസ്രാണി ശക്തികള്‍ കൂടെനിന്നിട്ടും ലീഡറുടെ മകള്‍ പത്മജക്കും അടിതെറ്റിയതോടെ എല്‍ഡിഎഫ് തൃശൂര്‍ ജില്ല ചെമ്പട്ടണിയിച്ചു.
പ്രഫ.തുളസി, സി പി ജോണ്‍, സാദിഖലി, ഒ അബ്ദുറഹ്മാന്‍കുട്ടി, എം പി വിന്‍സന്റ്, കെ വി .ദാസന്‍, അഡ്വ.തോമസ് ഉണ്ണിയാടന്‍, കെ പി ധനപാലന്‍ എന്നിവരാണ് പരാജയപ്പെട്ട മറ്റു പ്രമുഖര്‍. എല്‍ഡിഎഫ് തരംഗവും ജില്ലാ കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങളും യുഡിഎഫിന്റെ പതനത്തിന് ആക്കംകൂട്ടി. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, സിറ്റിങ് എംഎല്‍എമാരായിരുന്ന തേറമ്പില്‍ രാമകൃഷ്ണന്‍, പി എ മാധവന്‍ എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചിരുന്നില്ല. ഗ്രൂപ്പുപോരും കുതികാല്‍ വെട്ടുമെല്ലാം വോട്ടര്‍മാര്‍ അവര്‍ക്കെതിരേയുള്ള വോട്ടാക്കി മാറ്റി.
എല്‍ഡിഎഫ് വന്‍വിജയം നേടിയ തൃശൂര്‍ ജില്ലയ്ക്കു രണ്ടു മന്ത്രിസ്ഥാനത്തിനാണ് സാധ്യത. സിപിഎമ്മിന്റെ സീനിയര്‍ നേതാവും മുന്‍ജില്ലാ സെക്രട്ടറിയുമായ എ സി മൊയ്തീന്‍-കുന്നംകുളം, സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍-തൃശൂര്‍ എന്നിവരാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക.
ജില്ലയില്‍ ബിജെപി-ബിഡിജെഎസ് സഖ്യം മുന്നേറ്റമുണ്ടാക്കി. പുതുക്കാട് മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യ പകുതി വരേയും രണ്ടാം സ്ഥാനത്ത് ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആയിരുന്നു. ഒല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ ഒഴികേ 11 മണ്ഡലങ്ങളിലും എന്‍ഡിഎ സഖ്യം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്റെ ഇരട്ടിയോളം ഇത്തവണ നേടി.
Next Story

RELATED STORIES

Share it