യുഡിഎഫ് കാലത്തെ മന്ത്രിമാരുടെ ഹെലികോപ്റ്റര്‍ യാത്രാവിവരം ലഭ്യമല്ലെന്ന്

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്റ്റര്‍ യാത്ര നടത്തിയ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊതുഭരണവകുപ്പ്.
വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടിയായിട്ടാണ് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പും പൊതുഭരണ (സ്ട്രിക്റ്റ്‌ലി കോണ്‍ഫിഡന്‍ഷ്യല്‍)വകുപ്പും മറുപടി നല്‍കിയിരിക്കുന്നത്. 2011-16 കാലഘട്ടത്തില്‍ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ടോ? ഹെലികോപ്റ്റര്‍ യാത്രയ്ക്ക് എത്ര രൂപ ചെലവഴിച്ചു, ഒരോരുത്തരും ചെലവഴിച്ച തുകയെത്ര എന്നിങ്ങനെയായിരുന്നു വിവരാവകാശാ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ അപേക്ഷയിലെ കാര്യം സംബന്ധിച്ച വിവരം ഈ വകുപ്പില്‍ ലഭ്യമല്ലെന്നായിരുന്നു പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി വി എസ് മണി നല്‍കിയ മറുപടി.
വിഷയം പൊതുഭരണ(പൊളിറ്റിക്കല്‍)വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാ ല്‍ പൊതുഭരണവകുപ്പും വിഷയത്തില്‍ കൈയൊഴിയുകയാണ് ചെയ്തത്. ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച വിശദാംശങ്ങളൊന്നും ഈ വകുപ്പില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും അതിനാല്‍ വിവരം ലഭ്യമാക്കാന്‍ നിര്‍വാഹമില്ലെന്നുമായിരുന്നു പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ പി രാജീവന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് രാജു വാഴക്കാല പൊതുഭരണ(പൊളിറ്റിക്കല്‍) വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു.



Next Story

RELATED STORIES

Share it