Flash News

യുഡിഎഫ് അവിശ്വാസത്തിന് സിപിഎം പിന്തുണപാലക്കാട് നഗരസഭയില്‍ ഭരണമാറ്റത്തിന് വഴിതെളിയുന്നു

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭരണകക്ഷിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാന്‍ സിപിഎം തീരുമാനിച്ചതോടെയാണ് ഭരണ മാറ്റത്തിന് വഴിയൊരുങ്ങുന്നത്.
ആദ്യഘട്ടത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരേയും പിന്നീട് വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ എന്നിവര്‍ക്കെതിരേയും അവിശ്വാസം കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍മാരായിട്ടുള്ള ആരോഗ്യം, ക്ഷേമകാര്യം, വികസനകാര്യ സ്ഥിരം സമിതിക്കെതിരേ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കിയത്. എന്നാല്‍, സിപിഎം ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ അവിശ്വാസം പാസാവുമോ ഇല്ലയോ എന്ന് വ്യക്തവുമായിരുന്നില്ല. എന്നാല്‍, അവസാന നിമിഷം അവിശ്വാസത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം സിപിഎം വെളിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ ജില്ലാ ഓഫിസില്‍ സിപിഎം കൗണ്‍സിലര്‍മാരെ വിളിപ്പിച്ചാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് മാത്രമേ കൗണ്‍സിലര്‍മാരുള്ളൂ. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെടുത്ത തീരുമാനമാണ് സിപിഎം നിലപാടിന് പിന്നില്‍.  ഇന്നലെ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും അവിശ്വാസത്തെ സിപിഎം അംഗങ്ങള്‍ പിന്തുണച്ചു.
എന്നാല്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനെതിരേയുള്ള അവിശ്വാസം ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനാല്‍ പരാജയപ്പെട്ടു. എട്ട് അംഗങ്ങളുള്ള സ്ഥിരം സമിതിയില്‍ ബിജെപി-3, യുഡിഎഫ്-3, എല്‍ഡിഎഫ്-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രമേയം പാസാവാന്‍ പകുതിയിലധികം(അഞ്ച്) വോട്ട് ലഭിക്കണം. ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാനെതിരേയുള്ള അവിശ്വാസം നാലിനെതിരെ അഞ്ച് വോട്ടിന് പാസായി. ബിജെപി-4, യുഡിഎഫ്-3, എല്‍ഡിഎഫ്-2 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനൊപ്പം സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുടെ കൂടി വോട്ട് ലഭിച്ചപ്പോള്‍ ബിജെപി അംഗമായ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സ്മിതേഷ് പുറത്തായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരേയുള്ള പ്രമേയം ഇന്നലെ പരഗിണിച്ചില്ല. ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്ന് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരേയുള്ള അവിശ്വാസ പ്രമേയം മെയ് മൂന്നിന് ചര്‍ച്ചയ്‌ക്കെടുക്കും.
Next Story

RELATED STORIES

Share it