palakkad local

യുഡിഎഫ് അവിശ്വാസം: ആശങ്ക, ആശ്വാസം

പാലക്കാട്: ബിജെപി അംഗങ്ങള്‍ അധ്യക്ഷന്മാരായ സ്ഥിരം സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് സിപിഎം പിന്തുണ. ഇതോടെ ഇന്നലെ ചര്‍ച്ചയ്‌ക്കെടുത്ത ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം പാസായി.
എന്നാല്‍, ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. അതേ സമയം, വികസനകാര്യസ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്നലെ ചര്‍ച്ചയ്‌ക്കെടുത്തില്ല. മരാമത്ത് സ്ഥിരം സമിതി ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയം മെയ് മൂന്നിന് ചര്‍ച്ചയ്‌ക്കെടുക്കും.
ഇന്നലെ രാവിലെ മാത്രമാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യം സിപിഎം വെളിപ്പെടുത്തിയുള്ളൂ. ഇതോടെ ബിജെപി ക്യാംപില്‍ മ്ലാനത പരുന്നു. യുഡിഎഫ് ക്യാംപില്‍ ആഹ്ലാദവും. എന്നാല്‍ ഇത് ഏറെ നേരം നീണ്ടുനിന്നില്ല.
9.30ഓടെ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജയന്തി രാമനാഥനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങി. തുടര്‍ന്ന് വോട്ടെടുപ്പും. വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ അവിശ്വാസം പരാജയപ്പെട്ടതായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ച നഗരകാര്യവകുപ്പ് കോഴിക്കോട് മേഖല ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ഇതോടെ കൗണ്‍സില്‍ ഹാളിന് പുറത്ത് തടിച്ച്കൂടിയ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്താന്‍ തുടങ്ങി. ആദ്യ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, 11.30ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരെയുള്ള അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. അവിശ്വാസത്തെ പിന്തുണയ്ക്കുന്നതായി യുഡിഎഫ് അംഗങ്ങളും സിപിഎം അംഗങ്ങളും അറിയിച്ചു.
അനവസരത്തിലുള്ളതാണ് അവിശ്വാസപ്രമേയമെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്‍മാനെതിരെയുള്ളതല്ല, മറിച്ച് ബിജെപിക്കെതിരെയുള്ള അവിശ്വാസമാണ് കൊണ്ടുവന്നതെന്നും ബിജെപി അംഗങ്ങളും ആരോപിച്ചു. ഇതോടെ വോട്ടെടുപ്പ് വേണ്ടിവന്നു. ഒമ്പതംഗ സമിതിയില്‍ ബിജെപി-4, യുഡിഎഫ്-3, എല്‍ഡിഎഫ്-2 എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഫലം വന്നപ്പോള്‍ നാലിനെതിരെ അഞ്ച് വോട്ടോടെ അവിശ്വാസം പാസായി. ഇതോടെ കൗണ്‍സില്‍ ഹാളിന് പുറത്തുണ്ടായിരുന്ന യുഡിഎഫ് അംഗങ്ങളും പ്രവര്‍ത്തകരും ആഹ്ലാദപ്രകടനവുമായി രംഗത്തെത്തി. ഇതേ സമയം, യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകെട്ടിനെതിരെയും മുദ്രാവാക്യം വിളിച്ചു. ചേരിതിരഞ്ഞ് മുദ്രാവാക്യം വിളി തുടര്‍ന്നതോടെ കൗണ്‍സിലും നഗരസഭാ പ്രദേശവും ശബ്ദമുഖരിതമായി.
ധനകാര്യം, ക്ഷേകാര്യം, വികസനകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതിയാണ് നഗരസഭയിലുള്ളത്. ആദ്യഘട്ടത്തില്‍ വികസന, ക്ഷേമ, ആരോഗ്യ, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെയാണ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഈ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം.
Next Story

RELATED STORIES

Share it