palakkad local

യുഡിഎഫ് അംഗങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷ സ്ഥാനം രാജിവച്ചു

പാലക്കാട്: നഗരസഭ ഭരണമാറ്റത്തിന് കളമൊരുക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായി. ആറ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് അംഗങ്ങളായ കെ ഭവദാസ്, കെ ചെമ്പകം, വി രഞ്ചിത്ത്, എം മോഹന്‍ബാബു, റസീന ബഷീര്‍, ഡോ. ഹാസില എന്നിവര്‍ രാജിവച്ചത്. നഗരസഭാ സെക്രട്ടറി രഘുരാമനു ഇന്നലെ രാജിക്കത്ത് നല്‍കിയത്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്‌ക്കെതിരെ അവിശ്വാസപ്രമേയ നോട്ടിസ് നല്‍കുന്നതിനു മുന്നോടിയായാണു വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷസ്ഥാനങ്ങളില്‍നിന്നുള്ള രാജി.
സ്ഥിരം സമിതി അധ്യക്ഷന്മാ ര്‍ക്കെതിരേ തിങ്കളാഴ്ച അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രവുമല്ല, മുസ്‌ലീം ലീഗ് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ബിജെപി ഭരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ മുന്‍കൈ എടുക്കുന്ന ആരുമായും കൈകോര്‍ക്കുമെന്നായിരുന്നു ലീഗ് നിലപാട്.
തുടര്‍ന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസും സമാനമായ നിലപാട് സ്വീകരിച്ചത്. ഒരംഗമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫ് നീക്കത്തിന് പിന്തുണ ന ല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള മൂന്നിലൊന്ന് അംഗസംഖ്യയായ 18 പേരില്‍ ഒരാളുടെ കുറവുള്ളതിനാല്‍, ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫ് 9, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. മുസ്‌ലിം ലീഗ് വിമതനായി ജയിച്ച്, പിന്നീട് യുഡിഎഫുമായി സഹകരിച്ചിരുന്ന അംഗത്തെ പരാതിയെ തുടര്‍ന്ന് കോടതി അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
ഇദ്ദേഹത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. അതുകൊണ്ടാണ് യുഡിഎഫിന് മുന്നിലൊന്ന് അംഗസംഖ്യയായ 18ല്‍ തികയാതെ പോയത്.  അതേ സമയം, യുഡിഎഫ് നീക്കവുമായി ബന്ധപ്പെട്ട് എന്ത് നിലപാട് എടുക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കുമാരി പറഞ്ഞു. ബിജെപി തുടര്‍ന്നു വരുന്ന അഴിമതി ഭരണത്തിനെതിരാണ് സിപിഎം. എന്നാല്‍, അവരെ താഴെയിറക്കാനുള്ള യുഡിഎഫ് ശ്രമത്തോട് യോജിക്കണമോ വേണ്ടയോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ കുമാരി അറിയിച്ചു.
Next Story

RELATED STORIES

Share it