യുഡിഎഫില്‍ സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 83 സീറ്റില്‍; മൂന്നിടത്ത് സ്വതന്ത്രര്‍

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് മല്‍സരിക്കുമെന്നു കരുതിയിരുന്ന മൂന്ന് സീറ്റുകളില്‍ പൊതു സ്വതന്ത്രരെ രംഗത്തിറക്കാനും യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇന്നലെ രാവിലെ ക്ലിഫ്ഹൗസില്‍ ചേര്‍ന്ന യോഗമാണ് സീറ്റ് വിഭജനം ഔദ്യോഗികമായി പൂര്‍ത്തീകരിച്ചത്.
കോണ്‍ഗ്രസ് 83 സീറ്റില്‍ മല്‍സരിക്കും. മുസ്‌ലിംലീഗ്- 24, കേരളാ കോണ്‍ഗ്രസ് (എം)-15, ജെഡിയു-7, ആര്‍എസ്പി-5, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-2, സിഎംപി-1 എന്നിങ്ങനെയാണ് സീറ്റുകള്‍ വീതിച്ചത്. കാഞ്ഞങ്ങാട്, കല്യാശ്ശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കും. ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന് നേരത്തെ നല്‍കിയ പിറവം സീറ്റിന് പുറമെ തരൂര്‍ സീറ്റ് കൂടി അനുവദിച്ചു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ഒറ്റക്കെട്ടായി മുന്നണി മുന്നോട്ടുപോവുമെന്നും യോഗത്തിനു ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിപ്രഖ്യാപനമുണ്ടാവും. 15നു മുമ്പ് പ്രകടനപത്രിക പ്രസിദ്ധീകരിക്കും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശക്തികേന്ദ്രങ്ങളില്‍ മല്‍സരിക്കാനുള്ള ഐഎന്‍ടിയുസി സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. ഇന്നുതന്നെ 14 ജില്ലകളിലും സംഘടനയ്ക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി നിശ്ചയിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന സമിതിക്ക് കൈമാറും. ഇന്നലെ രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഐഎന്‍ടിയുസി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it