Alappuzha local

യുഡിഎഫിന് മൂന്നിടത്ത് വിമത ശല്യം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം അവസാനം തെളിഞ്ഞപ്പോള്‍ യുഡിഎഫിന് വിമത ശല്യം. കുട്ടനാട്ടിലും ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും യുഡിഎഫ് വിമതര്‍ മല്‍സരിക്കും. ഇവരെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ പരിശ്രമം പരാജയപ്പെട്ടതോടെയാണ് മല്‍സരരംഗത്ത് ഉറച്ചു നില്‍ക്കാന്‍ സ്ഥാനാര്‍ഥികള്‍ തീരുമാനിച്ചത്.
വാശിയേറിയ മല്‍സരം നടക്കുന്ന ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ വിജയ സാധ്യതയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണ് ശോഭനാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം. സഭാ നേതൃത്വത്തിന്റെ പരസ്യ പിന്തുണ ലഭിച്ച ഇവര്‍ പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. മോതിരം ചിഹ്നത്തിലാണ് ഇവര്‍ മല്‍സരിക്കുന്നത്. സ്ഥാനാര്‍ഥിയായി മല്‍സരിക്കാനായി നേരത്തെ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചിരുന്നു.
കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമിനെതിരേ വിമത സ്ഥാനാര്‍ഥിയായി ജോസ് കോയിപ്പിള്ളി രംഗത്തുണ്ട്. ജേക്കബ് എബ്രഹാം രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ ജോസ് കോയിപ്പിള്ളി ടെലിഫോണ്‍ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. ഇവിടെ ജേക്കബ് എബ്രഹാം എന്ന പേരില്‍ ബാറ്റ് ചിഹ്നത്തില്‍ സ്വതന്ത്രനും മല്‍സരരംഗത്തുണ്ട്.
അമ്പലപ്പുഴയില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥി ഷെയ്ക്ക് പി ഹാരിസിനെതിരേ വിമതനായി അഡ്വ. നാസര്‍ എം പൈങ്ങാമഠം മല്‍സരരംഗത്തുണ്ട്. ഷെയ്ക്ക് പി ഹാരിസ് അമ്പ് ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ നാസര്‍ പൈങ്ങാമഠം ബാറ്റ് ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്.
അതേസമയം കായംകുളത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ അപരനെ പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭ ഹരിയുടെ അപരയെ പിന്‍വലിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവിന്റെ അപരന്‍ പിന്‍വലിച്ചില്ല.
കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്. എന്നാല്‍ അതിനു ശേഷം സിപിഎം പിന്‍വാങ്ങിയതാണു കാരണം.
Next Story

RELATED STORIES

Share it